ലോകനെറുകെയിൽ ഹമദ് വിമാനത്താവളം
text_fieldsഹമദ് രാജ്യാന്തര വിമാനത്താവളത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു
ദോഹ: 2022ലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിലെ പാരിസിൽ പാസഞ്ചർ ടെർമിനൽ എക്സ്പോയോടനുബന്ധിച്ച് നടന്ന 2022 സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് ചടങ്ങിലാണ് മികച്ച വിമാനത്താവളമായി രണ്ടാം വർഷവും ഖത്തറിന്റെ, ലോകത്തിലേക്കുള്ള കവാടമായ ഹമദ് വിമാനത്താവളത്തെ പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സ്റ്റാഫ് സർവിസ്, മികച്ച എയർപോർട്ട് ഡൈനിങ് എന്നീ വിഭാഗങ്ങളിൽ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തെയും മികച്ച എയർപോർട്ട് ഷോപ്പിങ്, കുടുംബ സൗഹൃദ വിമാനത്താവളം എന്നീ വിഭാഗങ്ങളിൽ ഇസ്താംബുൾ വിമാനത്താവളത്തെയും തെരഞ്ഞെടുത്തു.
ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി ടോക്യോ ഹനേഡ വിമാനത്താവളത്തെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച ആഭ്യന്തര വിമാനത്താവളം, ഏഷ്യയിലെ മികച്ച വിമാനത്താവളം എന്നിവയും ഹനേഡക്ക് ലഭിച്ചു. ഏറ്റവും മികവ് പ്രകടിപ്പിക്കുന്ന എയർപോർട്ടായി റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ടെന്നും ഹമദ് വിമാനത്താവളത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും സി.ഒ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
വിമാനത്താവള വിപണിയിലെ ഏറ്റവും മഹത്തരമായ ബഹുമതിയാണ് വേൾഡ് എയർപോർട്ട് അവാർഡ്. യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും വോട്ടുകളാണ് മികച്ച വിമാനത്താവളങ്ങളെ നിശ്ചയിക്കുന്നതിൽ നിർണായകമാകുന്നത്. എല്ലാ വർഷവും നടത്തുന്ന ഗ്ലോബൽ എയർപോർട്ട് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേയിലൂടെയാണ് യാത്രക്കാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. 550ലധികം വിമാനത്താവളങ്ങളാണ് സർവേയിൽ പങ്കെടുക്കുന്നത്.
തുടർച്ചയായി രണ്ടാം വർഷവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്നും ഏറെ സന്തോഷത്തോടെ ഇക്കാര്യം പ്രഖ്യാപിക്കുന്നുവെന്നും സ്കൈട്രാക്സിന്റെ എഡ്വാർഡ് പ്ലെയിസ്റ്റഡ് അറിയിച്ചു. 2021ലെ വിജയം ഹമദ് ആവർത്തിച്ചതായും വിമാനത്താവളത്തിലെ മാനേജ്മെൻറ്, സ്റ്റാഫ്, പങ്കാളികൾ എന്നിവർക്കെല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ലും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വിമാനത്താവളങ്ങളെ ബാധിച്ചപ്പോൾ ഹമദ് വിമാനത്താവളം വഴി 17.1 മില്യൻ പേരാണ് യാത്ര ചെയ്തതെന്നും വിമാനത്താവള വികസന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഔദ്യോഗിക വിമാനത്താവള പങ്കാളി കൂടിയാണ് ഹമദ് വിമാനത്താവളം. ലോകകപ്പിനെ വരവേൽക്കുന്ന വർഷത്തിൽ ആദ്യപാദത്തിൽ മാത്രം 70 ലക്ഷത്തിലേറെ പേരാണ് ഹമദ് വഴി സഞ്ചരിച്ചത്. ലോകത്തെ 156 നഗരങ്ങളിലേക്ക് ദോഹയിൽനിന്നും വിമാന സർവിസുണ്ട്. 36ഓളം എയർലൈൻ കമ്പനികളും ഇവിടെനിന്നും സർവിസ് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

