ഹമദ് രാജ്യാന്തര വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ചത്
text_fieldsദോഹ: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തെരഞ്ഞെടുത്തു. ഉപഭോക്തൃ സേവനങ്ങളിലെവിമാനത്താവളത്തിെൻറ പ്രവർത്തനമികവിനാണ് ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേ അവാർഡ് ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തേടിയെത്തിയത്. പേരുകേട്ട ദുബായ് രാജ്യാന്തര വിമാനത്താവളം, അബുദാബി വിമാനത്താവളം തുടങ്ങിയ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ഹമദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഗ്ലോബൽ ട്രാവലെർ അവാർഡിൽ മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളം എന്ന വിഭാഗത്തെ ഇതാദ്യമായാണ് ഉൾപ്പെടുത്തുന്നത്. ബീവർലി ഹിൽസിലെ ദി പെനിൻസുലയിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഹമദ് രാജ്യാന്തര വിമാനത്താവളം പുരസ്കാരം ഏറ്റുവാങ്ങി. ആഗോള തലത്തിലുള്ള മാഗസിൻ വായനക്കാരാണ് വിമാനത്താവളങ്ങളെ തെരഞ്ഞെടുത്തത്.
ഈ മേഖലയിലെ മികച്ച അവാർഡുകളിലൊന്നാണ് ഗ്ലോബൽ ട്രാവലർ അവാർഡ്. വിമാനത്താവളത്തിെൻറ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്കുള്ള അംഗീകാരമാണ് വിമാനത്താവളത്തെ തേടിയെത്തിയിരിക്കുന്നതെന്നും നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും ഹമദ് വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസർ എഞ്ചി. ബദർ മുഹമ്മദ് അൽമീർ പ്രതികരിച്ചു. 50 മില്യൻ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി നിരന്തര പരിശ്രമത്തിലാണെന്നും അതിനൂതനമായ സംവിധാനങ്ങളോടെ യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകുന്നതിനായി വിമാനത്താവളം ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈട്രാക്സിെൻറ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി മൂന്ന് വർഷം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടത് ഹമദ് വിമാനത്താവളമാണ്.
കൂടാതെ തുടർച്ചയായ രണ്ട് വട്ടം മികച്ച സ്റ്റാഫ് സേവനങ്ങൾക്കും ഹമദിനെ സ്കൈ ട്രാക്സ് പുരസ്കാരം തേടിയെത്തി. ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസിെൻറ പശ്ചിമേഷ്യയിലെ മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതും ഹമദ് വിമാനത്താവളം തന്നെയാണ്. ലോകത്തിലെ മികച്ച വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് പുരസ്കാരത്തിനായുള്ള നാമനിർദേശ പട്ടികയിലും ഹമദ് ഇടം പിടിച്ചിട്ടുണ്ട്.
