ഹമദ് തന്നെ ലോകോത്തരം
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ വീണ്ടും ഇടംനേടി ഖത്തറിന്റെ ആകാശ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പുരസ്കാരപ്പട്ടികയിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവള പട്ടികയിൽ രണ്ടാം സ്ഥാനവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തിരഞ്ഞെടുത്തു. സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായ 11ാം വർഷമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി നിലനിർത്തുന്നത്.
സ്പെയിനിലെ മഡ്രിഡിൽ നടന്ന ചടങ്ങിൽ ഹമദ് വിമാനത്താവള പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. ആഗോളതലത്തിൽ മികച്ച ഷോപ്പിങ് സമ്മാനിക്കുന്ന വിമാനത്താവളമായി തുടർച്ചയായി മൂന്നാം വർഷവും, ഒപ്പം ഫൈവ് സ്റ്റാർ എയർപോർട്ട് റേറ്റിങ്ങും ഹമദിനെ തേടിയെത്തി.
ഗൾഫ്, ഏഷ്യൻ മേഖലകളിൽ നിന്ന് യൂറോപ്, അമേരിക്ക, ആഫ്രിക്ക വൻകരകളിലേക്കും തിരികെയുമുള്ള അന്താരാഷ്ട്ര യാത്രകളുടെ ഹബ്ബായി മാറിയ ഹമദ് വിമാനത്താവളത്തിന്റെ സേവന മികവിനുള്ള അംഗീകാരമാണ് സ്കൈട്രാക്സിന്റെ തുടർച്ചയായ നേട്ടങ്ങൾ.
വിമാനങ്ങളുടെ ലാൻഡിങ്, പുറപ്പെടൽ സേവനങ്ങളിലെ സുരക്ഷയും മികച്ച അനുഭവവും ഉറപ്പാക്കുന്നതിനൊപ്പം ട്രാൻസിറ്റ് യാത്രക്കാർക്ക് മികച്ച സൗകര്യവും ഒരുക്കുന്നത് നേട്ടമായി മാറുന്നു. ഷോപ്പിങ്, ഡൈനിങ് ഓപ്ഷനുകൾ, വിശാലമായ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ എന്നിവ ഉൾപ്പെടെ വിനോദ, വിശ്രമ സൗകര്യങ്ങൾക്ക് മികവുറ്റ സംവിധാനമാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.
യാത്രക്കാരുടെ കൃത്യമായ വിലയിരുത്തലുകളും പ്രധാന പ്രകടന സൂചകങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിന് അർഹരെ തിരഞ്ഞെടുക്കുന്നത്. വിപുലീകരണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്ന ഹമദ് വിമാനത്താവളത്തിൽ അടുത്തിടെയാണ് കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്ന ഡി,ഇ കോൺകോഴ്സുകൾ തുറന്നുനൽകിയത്. ഇതോടെ പ്രതിവർഷം 65 ദശലക്ഷത്തിലധികം യാത്രക്കാർ എന്ന ലക്ഷ്യം തികക്കാൻ ഒരുങ്ങുകയാണ് വിമാനത്താവളം.
നിലവിൽ 845000 ചതുരശ്രമീറ്ററാണ് വിമാനത്താവള കെട്ടിടത്തിന്റെ വിസ്തീർണം. 17 പുതിയ ഗേറ്റുകൾ വർധിപ്പിച്ച് ആകെ ബോർഡിങ് ഗേറ്റുകളുടെ എണ്ണം 62 ആയി, 40 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിമാനങ്ങൾക്കിടയിൽ കൂടുതൽ കണക്ടിവിറ്റി നൽകാനും യാത്രക്കാരുടെ ഗതാഗതത്തിനായി ബസുകളുടെ ഉപയോഗം ഗണ്യമായി കുറക്കാനും വഴിയൊരുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 197ലധികം നഗരങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാണ് ദോഹ.
ഹമദ് വിമാനത്താവളം അധികൃതർ സ്കൈട്രാക്സ് പുരസ്കാരവുമായി
അഭിമാനകരമായ പുരസ്കാരം വീണ്ടും തേടിയെത്തിയത് അംഗീകാരമായി കരുതുന്നുവെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ ഹമദ് അലി അൽ കാതിർ പറഞ്ഞു. ഏറ്റവും മികച്ച യാത്രാനുഭവം നൽകാൻ കഴിയുന്നതിന്റെ അംഗീകാരമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
സിംഗപ്പൂർ ചാങ്കി വിമാനത്താവളമാണ് സ്കൈട്രാക്സിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാമത് ഹമദും മൂന്നാം സ്ഥാനത്ത് ടോക്യോ അന്താരാഷ്ട്ര വിമാനത്താവളവും ഇടംനേടി. ഇഞ്ചിയോൺ (4), നരിറ്റ (5), ഹോങ്കോങ് (6), പാരിസ് ചാൾസ് ഡി ഗ്വേൽ (7), റോം ഫൂമിസിനോ (8), മ്യൂണിച് (9), സൂറിച് (10) എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 11ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

