തിളക്കമാര്‍ന്ന നേട്ടവുമായി വീണ്ടും ഹമദ് വിമാനത്താവളം
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അഭിമാനത്തിളക്കം. ഡേറ്റ ടെക് കമ്പനിയായ എയര്‍ ഹെല്പ് 69 രാജ്യങ്ങളില്‍നിന്നുള്ള 239 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ദോഹ ഹമദ് വിമാനത്താവളത്തെ തിരഞ്ഞെടുത്തു.
8.52 പോയന്റാണ് ഖത്തറിന്റെ വിമാനത്താവളം സ്വന്തമാക്കിയത്. വിമാന സര്‍വിസുകളുടെ കൃത്യനിഷ്ഠയാണ് റാങ്കിങ്ങിലെ ഏറ്റവും പ്രധാന ഘടകം. ഉപഭോക്താക്കളുടെ സംതൃപ്തി, ഫുഡ് ആൻഡ് ഷോപ്സ് തുടങ്ങിയ മറ്റു മാനദണ്ഡങ്ങളിലും ഹമദ് വിമാനത്താവളം മികച്ച സ്കോര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ വിമാനത്താവളമാണ് ഇത്തവണ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മാസം സ്കൈ ട്രാക്സ് എയര്‍പോര്‍ട്ട് അവാര്‍ഡിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയിരുന്നു. മികച്ച ഷോപ്പിങ് സൗകര്യമുള്ള വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്.
ഈ സന്തോഷം യാത്രക്കാരുമായി പങ്കുവെക്കാൻ ഖത്തർ എയർവേസ് പത്ത് ശതമാനം നിരക്കിളവും പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്കുന്നതിലുള്ള ശ്രദ്ധയും തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നതുമാണ് ഖത്തര്‍ എയര്‍വേസിനെ നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് ഗ്രൂപ് സി.ഇ.ഒ എൻജിനീയര്‍ ബദര്‍ അല്‍മീര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

