ഒരു വർഷം; അഞ്ചു കോടി യാത്രക്കാരുമായി ഹമദ്
text_fieldsദോഹ: ഖത്തറിന്റെ ആകാശ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പത്താം പിറന്നാൾ വർഷത്തിൽ ചരിത്രനേട്ടത്തിന്റെ തിളക്കം. ഒരു വർഷത്തിനിടെ അഞ്ചു കോടിയിലേറെ യാത്രക്കാർ കടന്നുപോയി എന്ന റെക്കോഡ് കഴിഞ്ഞ ദിവസങ്ങളിൽ കുറിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കടന്നുപോയ യാത്രികരുടെ എണ്ണത്തിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇത്രയേറെ യാത്രക്കാർ ഒരു വർഷത്തിനുള്ളിൽ ഹമദ് വിമാനത്താവളം വഴി സഞ്ചരിക്കുന്നത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ചതിന്റെ പത്തു വർഷം വരും ദിവസം തികയാനിരിക്കെയാണ് ഏറ്റവും വലിയ യാത്രക്കണക്ക് പുറത്തുവിടുന്നത്.
ഖത്തറിലേക്ക് പ്രവേശിക്കുന്നവരും, അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയിലുമുള്ള വളർച്ചയുടെ സൂചന കൂടിയാണ് യാത്രക്കാരുടെ എണ്ണം അഞ്ചു കോടിയെന്നത്. ഓരോ വർഷവും ഹമദ് വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര യാത്രികരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ മുൻവർഷത്തെ അപേക്ഷിച്ച് 58 ശതമാനമായിരുന്നു യാത്രക്കാരുടെ എണ്ണത്തിലെ വർധന. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, യൂറോപ്പ്, അമേരിക്ക, ഏഷ്യൻ വൻകരകളിലെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ട്രാൻസിറ്റ് ഹബ്ബായും വിമാനത്താവളം മാറി.
2023ൽ പുതിയ മൂന്ന് വിദേശ വിമാനക്കമ്പനികളാണ് സർവിസ് ആരംഭിച്ചത്. എന്നാൽ, ഈ വർഷം അഞ്ചു മാസത്തിനുള്ളിൽ നാല് പുതിയ വിമാനക്കമ്പനികൾ ദോഹയിൽനിന്നും സർവിസ് ആരംഭിച്ചു കഴിഞ്ഞു. വിവിധ വൻകരകളിലെ 255 നഗരങ്ങളിലേക്കാണ് ഹമദ് വിമാനത്താവളത്തിൽനിന്നും നേരിട്ട് വിമാന സർവിസുകളുള്ളത്. പാസഞ്ചർ, കാർഗോ, ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെ സർവിസുകളും സജീവം. ഏറ്റവുമൊടുവിൽ പുറത്തുവിട്ട എയർ പോർട്ട് കൗൺസിലിന്റെ ഏഷ്യ-പസഫിക്-മിഡിലീസ്റ്റ് എയർ കണക്ടിവിറ്റി റാങ്കിങ് പ്രകാരം ദോഹയെ മിഡിലീസ്റ്റിലെ രണ്ടാമത്തെ എയർ കണക്ടിവിറ്റി വിമാനത്താവളമായി തിരഞ്ഞെടുത്തിരുന്നു.
വിമാനത്താവളങ്ങളിൽ നിന്നുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം, സേവനങ്ങൾ, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന കണക്ഷനുകൾ എന്നിവ മാനദണ്ഡമാക്കിയാണ് എയർ കണക്ടിവിറ്റി വിലയിരുത്തുന്നത്. എയർ കണക്ടിവിറ്റിയിൽ മധ്യപൂർവേഷ്യ ശക്തമായ വളർച്ച കൈവരിക്കുന്നതായി എയർ പോർട് കൗൺസിൽ വിലയിരുത്തുന്നു. മികച്ച നിലവാരത്തിലെ അടിസ്ഥാന സൗകര്യങ്ങളും വിമാനത്താവള വികസനവുമെല്ലാം വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും, മേഖലയിലെ മുൻനിര ഹബ്ബായി മാറ്റാനും സഹായിക്കുന്നു. ഹമദ് വിമാനത്താവള വികസനപദ്ധതികൾ രണ്ടാം ഘട്ടത്തിലെത്തി നിൽക്കെ, അന്താരാഷ്ട്ര അംഗീകാരങ്ങളും, ലോകമെങ്ങുമുള്ള യാത്രക്കാരുടെ കേന്ദ്രമായി മാറുന്നതുമെല്ലാം അനുകൂല ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

