ഹമദ് ജനറൽ ആശുപത്രി വികസന പദ്ധതിക്ക് തുടക്കം: 1.179 ബില്യൺ റിയാലിന്റെ പദ്ധതി; 2029ൽ പൂർത്തീകരിക്കും
text_fieldsദോഹ: ഖത്തറിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമായ ഹമദ് ജനറൽ ആശുപത്രിയുടെ സമഗ്ര വികസന -നവീകരണ പദ്ധതിക്ക് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ തുടക്കം കുറിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി ഏകദേശം 1.179 ബില്യൺ ഖത്തർ റിയാൽ തുകയാണ് വകയിരുത്തിയിരിക്കുന്നത്.
രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക, ആശുപത്രിയുടെ പ്രവർത്തനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, കൂടുതൽ മികച്ച ആരോഗ്യപരിപാലന അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
2029-ന്റെ മൂന്നാം പാദത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. നിർമാണ -നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാലയളവിൽ ആശുപത്രിയിലെ ദിനംപ്രതിയുള്ള ചികിത്സാ സേവനങ്ങളിൽ യാതൊരുവിധ തടസ്സവുമുണ്ടാകില്ലെന്നും രോഗികൾക്കുള്ള സേവനങ്ങൾ സാധാരണപോലെ തുടരുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഡേ സർജറി കെട്ടിടത്തിന്റം നിർമാണം, ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെയും ഔട്ട്പേഷ്യന്റ് ടവറിന്റെയും സമഗ്രമായ നവീകരണം, നോർത്ത്, സൗത്ത് ഇൻപേഷ്യന്റ് ടവറുകളുടെ നവീകരണവും പുനരുദ്ധാരണവും, പുതിയ മെഡിക്കൽ, എൻജിനീയറിങ് സർവിസ് കെട്ടിടങ്ങളുടെയും വാട്ടർ ടാങ്ക് കെട്ടിടത്തിന്റെയും നിർമാണം എന്നിവ വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ, ഡ്രെയിനേജ് /സീവേജ് സംവിധാനങ്ങൾ പൂർണ്ണമായും മാറ്റിയ സ്ഥാപിക്കൽ, ആശുപത്രിയുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സർവിസുകളുടെയും മെച്ചപ്പെടുത്തൽ തുടങ്ങിയ നവീകരണ പദ്ധതികളാണ് ഘട്ടംഘട്ടമായി നടപ്പാക്കുക. ഉയർന്ന നിലവാരത്തിലുള്ള വൈദ്യസഹായവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് പദ്ധതി വലിയ കരുത്താകും.
ഡിസൈൻ, നിർമാണ ഘട്ടങ്ങളിലുടനീളം ഏറ്റവും പുതിയ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം) സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ എൻജിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും, പ്രോജക്റ്റ് മാനേജ്‌മെന്റ് കാര്യക്ഷമമാക്കാനും, കൃത്യമായ ആസൂത്രണത്തിനും പദ്ധതി നിർവഹണത്തിനും ഇത് സഹായിക്കും.
ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം അനുസരിച്ചുള്ള സുസ്ഥിരതാ മാനദണ്ഡങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഊർജ്ജ -ജല ഉപഭോഗക്ഷമത വർധിപ്പിക്കൽ, കെട്ടിടത്തിനുള്ളിലെ വായുവിന്റെയും പരിസ്ഥിതിയുടെയും ഗുണനിലവാരം ഉയർത്തൽ, കഴിയുന്നത്ര സുസ്ഥിര നിർമാണ വസ്തുക്കൾ ഉപയോഗിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

