ഹമദ് സായാഹ്ന ക്ലിനിക് ഇന്നു മുതൽ
text_fieldsഎച്ച്.എം.സി ആംബുലേറ്ററി കെയർ സെന്റർ
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ സായാഹ്ന ക്ലിനിക്കുകളുടെ സേവനം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. കൂടുതൽ ആവശ്യക്കാരുള്ള സ്പെഷാലിറ്റി വിഭാഗങ്ങളിലെ രോഗികൾക്ക് മികച്ച ചികിത്സ വേഗത്തിൽ ഉറപ്പാക്കാൻ റമദാനുശേഷം സായാഹ്ന ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞമാസം ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് ഒന്നു മുതൽ ഹമദിന്റെ ആംബുലേറ്ററി കെയർ സെന്ററിൽ പുതിയ ക്ലിനിക് സേവനം ആരംഭിച്ചത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.മൂന്നു മാസത്തിനുള്ളിൽ 481 ക്ലിനിക്കിലൂടെ 10,000ത്തോളം രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്ന് ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് ഡെപ്യൂട്ടി ചീഫുമായ നാസർ അൽ നഈമി അറിയിച്ചു.
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒഫ്താൽമോളജി, ഇ.എൻ.ടി, യൂറോളജി, ഓഡിയോളജി ഉൾപ്പെടെ സ്പെഷാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ സ്പെഷാലിറ്റി വിഭാഗങ്ങളെ കൂടി സായാഹ്ന ക്ലിനിക്കിൽ ഭാഗമാക്കും.
അപ്പോയിൻമെന്റ് അടിസ്ഥാനത്തിലായിരിക്കും പരിശോധനസമയം അനുവദിക്കുന്നത്. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും അപ്പോയിൻമെന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും ക്ലിനിക്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി മികച്ച സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതായി അൽ നഈമി പറഞ്ഞു.
എച്ച്.എം.സിയിലെ ചികിത്സക്കായി ബുക്കിങ്ങിന് ‘നെസ്മാക്’ആപ്ലിക്കേഷനും 16060 ഹെൽപ് ലൈൻ സേവനവും ഉപയോഗപ്പെടുത്താം. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ, ഏറ്റവും അനിവാര്യ സമയത്ത് തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനവും ഒരുക്കുന്നത്.
മാർച്ച് ആദ്യവാരത്തിൽ പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി രാജ്യത്തെ ആരോഗ്യ മേഖലയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

