കോവിഡിൽ ഒറ്റപ്പെട്ട കുട്ടികൾക്ക് കരുതലുമായി ഹമദ്
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ
ദോഹ: കോവിഡ് കാലത്ത് സാമൂഹിക സമ്പർക്കങ്ങളിൽ നിന്നും മാറിനിന്ന്, ഒറ്റപ്പെടലിൻെറ പിരിമുറക്കത്തിൽ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടവർക്ക് കൈത്താങ്ങുമായി ഹമദ് മെഡിക്കൽ കോർപറേഷൻെറ മാനസികാരോഗ്യ വിഭാഗം.
സ്കൂൾ അടച്ചതുമൂലം വീട്ടിൽ തന്നെ ഇരിക്കാൻ വിധിക്കപ്പെട്ട കുട്ടികൾ, പുറത്തിറങ്ങാനാവാതെ ഒതുങ്ങിക്കൂടിയ കുടുംബങ്ങൾ എന്നിവർക്കായാണ് ഹമദിനു കീഴിലുള്ള ചൈൽഡ് ആൻഡ് അഡോളെസൻറ് മെൻറൽ ഹെൽത്ത് സർവിസ് വിഭാഗം രംഗത്തിറങ്ങുന്നത്.
ഈ വർഷം തുടക്കം മുതൽ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, കുട്ടികൾ എന്നിങ്ങനെ നിരവധിപേർ മാനസിക പിന്തുണ തേടി വിളിക്കുന്നതായി മെൻറൽ ഹെൽത്ത് സർവിസ് സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ജാസിം അൽമെറൈസ് പറഞ്ഞു. 'കോവിഡ് കാലത്ത് കുട്ടികൾ കൂടുതൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീട്ടിലും സൃഹൃത്തുക്കളുടെ അടുത്തും പ്രശ്നം സൃഷ്ടിക്കുന്നതുമായ പരാതികൾ ലഭിക്കുന്നുണ്ട്.
ചില കുട്ടികൾക്ക് നേരത്തെ ആവേശത്തോടെ സമീപിച്ച കാര്യങ്ങളിൽ പോലും താൽപര്യം കുറയുന്നു. മറ്റു ചിലർ സ്കൂൾ പഠനവിഷയങ്ങളിലും പ്രവർത്തനങ്ങളിലുംനിന്ന് പിന്നോട്ടുപോവുന്നു. ഉറക്കത്തിൽ സമയനിഷ്ഠയില്ലായ്മ, ഭക്ഷണത്തിൽ കൃത്യതയില്ലായ്മ തുടങ്ങി വിവിധ പ്രശ്നങ്ങളാണ് കുട്ടികളുടെ കാര്യത്തിൽ കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ആരോഗ്യകരമായ ജീവിതാന്തരീക്ഷത്തിന് പരിഹാരം കണ്ടത്തേണ്ടതുണ്ട്' -ഡോ. ജാസിം അൽമെറൈസ് പറയുന്നു.
ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക കൗൺസലിങ് സെൻറർ ആരംഭിച്ചതായും ഇവർ അറിയിച്ചു.
മാനസികരോഗ്യ വിദഗ്ധൻ, നഴ്സസ്, തെറപ്പിസ്റ്റ്, സ്പീച്ച്-ഭാഷ തെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ടീമായാണ് ചികിത്സ നൽകുന്നത്.