ഹമദ് വിമാനത്താവളത്തിൽ തിരിച്ചെത്തുന്നവരുടെ തിരക്ക്
text_fieldsദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവരുടെ തിരക്ക് ആരംഭിച്ചു. പെരുന്നാൾ അവധിക്കൊപ്പം വാരാന്ത അവധി കൂടി ചേർത്ത് കൂടുതൽ ദിവസം ഒഴിവ് ലഭിച്ചതോടെ ധാരാളം പ്രവാസികൾ ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോയിട്ടുണ്ട്. ധാരാളം ഖത്തരികളും വിദേശത്ത് അവധിയാഘോഷത്തിന് പോയി. രണ്ടുകൂട്ടരും തിരിച്ചുവരവ് ആരംഭിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും നല്ല തിരക്ക് പ്രതീക്ഷിക്കാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ തിരക്ക് ഇവിടത്തെ ചെക് ഇൻ കൗണ്ടറുകളെയും മറ്റും കാര്യമായി ബാധിക്കുന്നില്ല. അതേസമയം, പാർക്കിങ്ങിലെ തിരക്ക് എല്ലാവരെയും ബാധിക്കുന്നതാണ്. ആളുകളെ ഇറക്കാനും കൊണ്ടുപോകാനും ഷോർട്ട് ടേം കാർ പാർക്ക് ഉപയോഗിക്കാനും അനുയോജ്യമാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചിരുന്നു. ജൂൺ 13 മുതൽ രണ്ടുദിവസം ഖത്തറിൽനിന്ന് പോകുന്നവരുടെ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.

