ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പിൽ നിശ്ചിതസമയം കഴിഞ്ഞും ആളില്ലാതെ നിർത്തിയിട്ട വാഹനങ്ങൾ കണ്ടാൽ കെട്ടിവലിച്ച് ഉടൻ നീക്കം ചെയ്യുമെന്ന് വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് വിമാനത്താവളം അധികൃതർ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾക്ക് മുമ്പിൽ നിരവധി പേർ തങ്ങളുടെ വാഹനം നിർത്തിയിട്ട് പോകുന്നത് പലപ്പോഴും പതിവാക്കിയിട്ടുണ്ട്. പത്ത് മിനുട്ടിൽ കൂടുതൽ സമയം ഇത്തരത്തിൽ നിർത്തിയിടാൻ പാടില്ലെന്ന് അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വിമാനത്താവളത്തിെൻറ സുരക്ഷാകാര്യങ്ങൾ നിലനിർത്തേണ്ടതുള്ളതിനാൽ പത്ത് മിനുട്ടിൽ കൂടുതൽ സമയം ആളില്ലാതെ വാഹനം നിർത്തിയിട്ട് പോകരുത്. അത്തരത്തിലുണ്ടായാൽ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് വാഹനം കെട്ടിവലിച്ച് മാറ്റുമെന്ന് വിമാനത്താവളം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. വിമാനത്താവള ടെർമിനിലിന് മുമ്പിൽ നിർത്തിയിടുന്നതിന് പകരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പാർക്കിംഗിൽ വാഹനം നിർത്തിയിടണം. യാത്രയയക്കാൻ വരുന്നവർക്കും യാത്രക്കാരെ കൂട്ടാനുള്ളവർക്കുമായാണ് വലിയ പാർക്കിംഗ് കേന്ദ്രം സൗകര്യപ്പെടുത്തിയിരിക്കുന്നത്.