ഹലാൽ ഖത്തർ ഫെസ്റ്റ് 21 മുതൽ
text_fields2020ൽ നടന്ന ഹലാൽ ഖത്തർ ഫെസ്റ്റിൽനിന്ന്
ദോഹ: അറേബ്യൻ കുതിര മഹോത്സവത്തിനു പിന്നാലെ കതാറ കൾചറൽ വില്ലേജ് പത്താമത് ഹലാൽ ഫെസ്റ്റിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 21 മുതൽ 26 വരെയാണ് ഖത്തറിന്‍റെ സംസ്കാരവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന ഹലാൽ ഫെസ്റ്റിന് വേദിയാവുന്നത്.
ആറു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് കതാറ കൾചറൽ വില്ലേജിന്‍റെ തെക്കുഭാഗത്തായി അരങ്ങേറും. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ് ഖത്തറിലെ സ്വദേശികളും വിദേശികളുമായവരെ ആകർഷിക്കുന്ന ഹലാൽ ഫെസ്റ്റ് നടക്കുന്നത്. കഴിഞ്ഞ സീസണിൽ കോവിഡ് കാരണം റദ്ദാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ആരംഭിക്കുമ്പോൾ കോവിഡിന്‍റെ ഭീതി ഏറെ അകന്ന ആശ്വാസത്തിലുമാണ് ജനങ്ങൾ.
മരുഭൂമിയിലെ പഴയകാലം ജീവിതം അടയാളപ്പെടുത്തുന്ന ഫെസ്റ്റിൽ ആടുകളും ചെമ്മരിയാടുകളുമാണ് താരങ്ങൾ. ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തിയിരുന്ന മരുഭൂമിയിലെ പഴയകാല ജീവിതവും മൃഗവ്യാപാരവും പുതുതലമുറയിലേക്കു പകര്‍ന്നുനല്‍കുകയാണ് വർഷങ്ങളായി ആഘോഷപൂർവം നടത്തപ്പെടുന്ന മേളയുടെ ലക്ഷ്യം.
ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വരുടെ പങ്കാളിത്തത്തിനുപുറമെ, വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും പ്രദർശനത്തിനെത്തും. വളർത്തുമൃഗങ്ങളുടെ പ്രദർശനവും പ്രധാന ആകർഷക ഘടകമാണ്.
കന്നുകാലി ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും അനുബന്ധ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനും ബ്രീഡർമാർക്ക് മികച്ച കന്നുകാലികളെയും ചെമ്മരിയാടുകളെയും പ്രദർശിപ്പിക്കാനും സ്വന്തമാക്കാനും ഹലാൽ ഖത്തർ ഫെസ്റ്റിവൽ വഴി കഴിയുമെന്ന് കതാറ അറിയിച്ചു. വിവിധ ഇനങ്ങളിൽപെട്ട ആടുകളുടെ പ്രദര്‍ശനത്തിനുപുറമെ, അൽമസൈന എന്നപേരില്‍ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കുമായുള്ള സൗന്ദര്യ മത്സരം, അൽ മസാദ് എന്ന പേരിൽ ചെമ്മരിയാടുകളുടെയും ആടുകളുടെയും ലേലം എന്നിവയും നടക്കും. സിറിയൻ, അറബ് ഇനങ്ങളിൽപെട്ട ചെമ്മരിയാടുകളുടെ പ്രദർശനമാണ് മറ്റൊരു ആകർഷകം.
മുൻവർഷങ്ങളിൽ കരകൗശല പ്രദർശനങ്ങൾ, പരമ്പരാഗത ഭക്ഷ്യമേളകൾ എന്നിവയും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

