ഹജ്ജ് തയാറെടുപ്പ് പൂർത്തിയായി; ആദ്യ സംഘം മക്കയിൽ
text_fieldsഹജ്ജ്, ഉംറ വിഭാഗം മേധാവി അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി
ദോഹ: ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിനായുള്ള ആഭ്യന്തര തയാറെടുപ്പുകളെല്ലാം പൂർത്തിയായതായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം മേധാവി അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി അറിയിച്ചു. സുരക്ഷ മുൻകരുതലുകളോടെ ഹജ്ജ് പുനഃസ്ഥാപിച്ചു കൊണ്ടുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനം വന്ന ഉടൻ തന്നെ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായുള്ള തയാറെടുപ്പുകൾ മന്ത്രാലയം ആരംഭിച്ചിരുന്നതായും മന്ത്രാലയത്തിന്‍റെ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ ചാനലുകൾ വഴി ഇക്കാര്യം പുറത്തുവിട്ടിരുന്നതായും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി വ്യക്തമാക്കി. 5000ത്തിലധികം പൗരന്മാരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചത്. സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള അപേക്ഷകൾ സമർപ്പിച്ചവർക്ക് ഇ-മെയിൽ വഴിയും മറ്റു മാർഗങ്ങളിലൂടെയും സ്ഥിരീകരണ വിവരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിൽ ഖത്തരി തീർഥാടകരുടെ താമസം സംബന്ധിച്ചും തീർഥാടകർക്കുള്ള സൗകര്യങ്ങൾ സംബന്ധിച്ചും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, തവാഫ എസ്റ്റാബ്ലിഷ്മെൻറ് ഫോർ സൗത്ത് ഏഷ്യൻ പിൽഗ്രിംസ് എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തീർഥാടകരുടെ താമസവുമായി ബന്ധപ്പെട്ടും മറ്റു കാര്യങ്ങൾക്കുമായി ഖത്തർ ഔദ്യോഗിക പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിച്ചിരുന്നുവെന്നും അൽമിസ്ഫിരി പറഞ്ഞു. ഖത്തറിനനുവദിച്ച ഹജ്ജ് േക്വാട്ട വർധിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരുകയാണെന്നും പറഞ്ഞു. അതേസമയം, ഈവർഷം 12 ഹജ്ജ് കാമ്പയിനുകൾക്ക് സൗദി അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. അധിക കാമ്പയിനുകൾക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതകളേറെയാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സൂചിപ്പിച്ചു.
ഹജ്ജ് മിഷൻ സംബന്ധിച്ച ചോദ്യത്തിന്, ഓരോ വർഷവും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ നിർദേശ പ്രകാരം മിഷന് രൂപം നൽകാറുണ്ടെന്നും അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റ്, ടെക്നിക്കൽ, സൂപ്പർവിഷൻ, കമ്യൂണിക്കേഷൻ, ശരീഅ തുടങ്ങി വിവിധ യൂനിറ്റുകളുൾപ്പെടുന്നതാണ് മിഷനെന്നും അൽ മിസ്ഫിരി വ്യക്തമാക്കി. ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഖത്തറിൽ നിന്നുള്ള ആദ്യ സംഘം ജൂൺ 10ന് മക്കയിലേക്ക് തിരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകർ സൗദി ഹജ്ജ് മന്ത്രാലയം നിശ്ചയിച്ച സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം സമർപ്പിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

