കണ്ണീരൊപ്പാൻ ഹൈദോസിന്റെ കരങ്ങൾ; ലോകകപ്പ് യോഗ്യതക്ക് പിന്നാലെ ഗസ്സക്ക് സഹായം പ്രഖ്യാപിച്ച് സൂപ്പർ താരം
text_fieldsഹസ്സൻ അൽ ഹൈദോസ്
ദോഹ: ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തറിന്റെ സന്തോഷം, ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പകർന്നു നൽകുകയാണ് ദേശീയ ടീമിന്റെ നായകനായ ഹസ്സൻ അൽ ഹൈദോസ്.
ഗസ്സയുടെ പുനർനിർമാണത്തിനായി സ്കൂളും ജിംനേഷ്യവും നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഹൈദോസ്. 'ഈ സന്തോഷം ദാനത്തിനുള്ള പ്രചോദനമാകട്ടെ' എന്നാണ് താരം എക്സിൽ കുറിച്ചത്. 'സന്തോഷത്തിന്റെ നിമിഷങ്ങളിൽ, ലോകമെമ്പാടും കഷ്ടപ്പാട് അനുഭവിക്കുന്ന നമ്മുടെ സഹോദരി സഹോദരൻമാരെ ഒർമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഈ വിജയം ദാനം ചെയ്യുന്നതിനുള്ള ഒരു പ്രചോദനമാവട്ടെ' -അദ്ദേഹം പറയുന്നു.
ഫലസ്തീൻ കഫീയ അണിഞ്ഞുകൊണ്ടുള്ള ചിത്രവും പങ്കുവെച്ചാണ് ഹൈദോസിന്റെ വികാരഭരിതമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതം പുനർനിർമിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെയും കായികത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് സ്കൂളും ജിംനേഷ്യവും നിർമിച്ച് നൽകാനുള്ള തന്റെ തീരുമാനമെന്ന് ഹൈദോസ് പറയുന്നു.
ഈ ലോകകപ്പ് യോഗ്യത ഗസ്സയിൽ വെടിനിർത്തൽ സാധ്യമായ സമയത്ത് തന്നെ ലഭിച്ചു എന്നത് യാദൃശ്ചികമാണ്. ഗസ്സയിലെ ജനങ്ങൾക്ക് സുരക്ഷിതമായ ഒരു പുതുജീവിതത്തിലേക്കുള്ള യഥാർത്ഥ തുടക്കമാകട്ടെ ഇതെന്നും ഹൈദോസ് പ്രതീക്ഷ പ്രകടിപ്പിച്ചു. 2019ലും 23ലും ക്യാപ്റ്റനായി ഖത്തറിന് വേണ്ടി ഏഷ്യ കപ്പ് നേടിക്കൊടുത്ത ഹൈദോസ് 2024ൽ വിരമിക്കൽ പ്രഖാപിച്ചെങ്കിലും പുതിയ പരിശീലകൻ യൂലെൻ ലോപ്റ്റെഗിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഖത്തറിനായി 183 മത്സരങ്ങളിൽ ബട്ടുകെട്ടിയ താരം 41 ഗോളുകളും നേടിയിട്ടുണ്ട്.
ഖത്തറിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതും ഹൈദോസ് തന്നെയാണ്. അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ഖത്തർ ടീമിന് ഏറ്റവും പ്രചോദനമാകുന്നതും ഹൈദോസിന്റെ സാന്നിദ്ധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

