ഹൈദർ ഹാജി അനുസ്മരണയോഗം നടത്തി
text_fieldsദോഹ: ഫാമിലി ഫുഡ് സെന്റർ ഗ്രൂപ്പിന്റെ സ്ഥാപകനും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗവും മുൻ എം.ഇ.എസ് പ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിയുടെ നിര്യാണത്തിൽ അനുശോച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. ഒരു സംരംഭകനും മനുഷ്യസ്നേഹിയുമായിരുന്ന ഹൈദർ ഹാജി അഞ്ച് പതിറ്റാണ്ടിലേറെ ഖത്തറിൽ ചെലവഴിച്ചു. ദയപുരം എജുക്കേഷണൽ സെന്റർ, തൃശൂരിലെ ഐഡിയൽ എജുക്കേഷൻ സൊസൈറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിലും മുന്നിട്ടിറങ്ങി.
എം.ഇ.എസ് മാനേജ്‌മെന്റ് സംഘടിപ്പിച്ച അനുസ്മരണ യോഗം അബുഹമൂറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്നു. എം.ഇ.എസ് സ്കൂളിന്റെ വളർച്ചക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും അസാധാരണമായ നേതൃത്വത്തെയും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അക്ഷീണമായ പ്രയത്നങ്ങളും അർപ്പണബോധവും മറ്റ് സ്ഥാപകരുമായി ചേർന്ന് എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു.
വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മക്കും ഹൈദർ ഹാജി നൽകിയ സംഭാവനകളെ പങ്കെടുത്തവർ അനുസ്മരിച്ചു. ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
മണിക്കണ്ഠൻ (ഐ.സി.സി), ദീപക് ഷെട്ടി (ഐ.സി.ബി.എഫ്), ബിർള പബ്ലിക് സ്കൂൾ പ്രസിഡന്റ് സി.വി. റപ്പായി, ഐ.സി.സി, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് ബാബുരാജൻ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സി.ഐ.സി അംഗം അബ്ദുൽ റഹീം, യൂനിറ്റി ഖത്തർ ചീഫ് കോഡിനേറ്ററും എം.ഇ.എസ് മാനേജ്‌മെന്റ് അംഗവുമായ ഖലീൽ എ.പി., എം.ഇ.എസ്. മാനേജ്‌മെന്റ് അംഗം ബഷീർ, എം.ഇ.എസ് ഗവേണിങ് ബോർഡ് സീനിയർ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പി. തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മകൻ അൻവർ പിതാവിന്റെ ജീവിതം, മൂല്യങ്ങൾ, സമൂഹത്തോടുള്ള സമർപ്പണം തുടങ്ങിയ ഓർമകൾ പങ്കുവെച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

