ഖത്തറിന്‍റെ നിരത്തും കീഴടക്കി ഹാഫിസും ഥാറും മുന്നോട്ട്
text_fieldsവേൾഡ് ടൂറിന്റെ ഭാഗമായി ഖത്തറിലെത്തിയ മുഹമ്മദ് ഹാഫിസ് തന്‍റെ വാഹനത്തിന് മുകളിൽ ഇന്ത്യൻ പതാകയുമായി
ദോഹ: യു.എ.ഇയും വൻകരപോലെ പരന്നുകിടക്കുന്ന സൗദിയും ബഹ്റൈനും കുവൈത്തും കടന്ന് മൂവാറ്റുപുഴക്കാരൻ മുഹമ്മദ് ഹാഫിസും അവന്‍റെ സ്വന്തം 'ഥാറും' ഇപ്പോൾ ഖത്തറിന്‍റെ മരുഭൂമികളും നഗരത്തിരക്കുകളും താണ്ടി പര്യടനത്തിലാണ്. കേരള രജിസ്ട്രേഷൻ വാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയ കൗമാരക്കാരൻ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകകപ്പിന് വേദിയാവുന്ന ഖത്തറിന്‍റെ മുക്കിലും മൂലയിലും 'ഥാറു'മായി ഓടിയെത്തുന്നു. നവംബറിലാണ് മൂവാറ്റുപുഴക്കടുത്ത പുതുപ്പാടിയിൽനിന്നും ഹാഫിസിന്‍റെ ഥാർ രഥം ഉരുണ്ടു തുടങ്ങിയത്. ഡീൻ കുര്യാക്കോസ് എം.പിയും ചലച്ചിത്ര താരം ഷിയാസ് കരീമും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത 'കേരള ടു ആഫ്രിക്ക' യാത്ര തുടങ്ങുമ്പോൾ വളയംപിടിക്കാൻ ഹാഫിസിന് കൂട്ടായി സുഹൃത്ത് ഇജാസ് ഇഖ്ബാലുമുണ്ടായിരുന്നു. യു.എ.ഇയും കടന്ന് സംഘം സൗദിയിലെത്തിയപ്പോഴാണ് ആരോഗ്യകരമായ കാരണങ്ങളാൽ ഇജാസ് നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും, മുന്നോട്ടുരുണ്ട് തുടങ്ങിയ സ്വപ്നങ്ങൾക്ക് ഹാഫിസ് ബ്രേക്കിട്ടില്ല. കുവൈത്തും, ബഹ്റൈനും കടന്ന് അതിർത്തികൾ താണ്ടി മാസങ്ങൾക്കിപ്പുറം ഖത്തറിന്‍റെ മണ്ണിലുമെത്തി.
ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തുന്ന കേരള രജിസ്ട്രേഷൻ വാഹനം എന്ന കൗതുകം കൂടിയുണ്ട് ഇവരുടെ സഞ്ചാരത്തിന്. കോർണിഷിലും ലോകകപ്പ് വേദികൾക്ക് മുന്നിലും ട്രാഫിക് േബ്ലാക്കിലുമെല്ലാം കുടുങ്ങുമ്പോൾ 'കെ.എൽ 17 ഡബ്ല്യു 2866' എന്ന നമ്പർ കാണുമ്പോൾ വാഹനങ്ങളിൽനിന്നും നിരത്തിൽനിന്നും മലയാളികൾ തലപൊക്കി നോക്കും. ഒരു നിമിഷമെങ്കിലും എറണാകുളത്തോ, തൃശൂരിലോ എത്തിയെന്ന് ചിന്തിച്ചിരിക്കും. മലയാളികൾക്ക് മാത്രമല്ല, വലതു വശ ഡ്രൈവിങ്ങുമായി മറ്റൊരു രജിസ്ട്രേഷൻ വാഹനം കടന്നുപോവുമ്പോൾ സ്വദേശികൾക്കും അധികൃതർക്കും പൊലീസിനുമെല്ലാം ആദ്യമൊരു സംശയവും കൗതുകവും അനുഭവപ്പെടുന്നുവെന്ന് ഹാഫിസ് പറയുന്നു. ഖത്തറിലെ യാത്ര രണ്ടാഴ്ച മാത്രമെ പിന്നിട്ടുള്ളൂവെങ്കിലും പതിറ്റാണ്ടുകളായി ഇവിടെയുള്ള പ്രവാസികളും കാണാത്ത ഖത്തറിന്‍റെ വിവിധ കോണുകളിൽ ഥാറുമോടിച്ച് ഹാഫിസ് കയറിയെത്തിയിട്ടുണ്ട്. ഇതെല്ലാം, തന്‍റെ യൂ ട്യൂബ് ചാനലായ 'അൺനോൺ ഡെസ്റ്റിനേഷൻസ് 17' വഴി ലോകത്തെ കാണിക്കുന്നുമുണ്ട്. സ്വന്തം പോക്കറ്റിൽ നിന്ന് പണംമുടക്കി തുടങ്ങിയ ലോകസഞ്ചാരം ഖത്തറിലെത്തിയപ്പോൾ പുതിയ സ്പോൺസറെ ലഭിച്ച സന്തോഷം കൂടിയുണ്ട് ഹാഫിസിന്. ഖത്തർ എം.ബി.എം എന്ന സ്ഥാപനമാണ് ഏഷ്യയും ആഫ്രിക്കയും ഉൾപ്പെടുന്ന ഈ ലോക പര്യടനത്തിന്‍റെ സ്പോൺസർമാരായത്. ചെറുപ്രായത്തിൽ തന്നെ യാത്രയെ ഹരമാക്കിയ ഹാഫിസിന്‍റെ ആവേശം സന്തോഷ് ജോർജ് കുളങ്ങരയാണ്.
അദ്ദേഹത്തിന്‍റെ യാത്ര വിഡിയോകൾ കണ്ടതാണ് ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചതെന്നും പറയുന്നു. ഖത്തർ പിന്നിട്ട് ഈയാഴ്ച തന്‍റെ ആഫ്രിക്കൻ ടൂറിന് ഒരുങ്ങുകയാണ് ഹാഫിസ്. സൗദി വഴി ജോർഡനിലെത്തി ഇസ്രായേലും കടന്ന് ഈജിപ്ഷ്യൻ യാത്രക്ക് തുടക്കം കുറിക്കാനാണ് സഞ്ചാരപ്രിയനായ ഈ എൻജിനീയറിങ് ബിരുദധാരിയുടെ പ്ലാൻ. ഒരുവർഷത്തിൽ കുറഞ്ഞ സമയം കൊണ്ട് കെ.എൽ രജിസ്ട്രേഷനുമായി ആഫ്രിക്കയും ഏഷ്യയും സഞ്ചരിച്ച് തീർത്ത് ഗിന്നസ് റെക്കോഡിൽ ഇടംപിടിക്കണം എന്ന സ്വപ്നവുമുണ്ട്.