ഇറാൻ ആക്രമണം നേരിടാൻ ഗൾഫ് ഐക്യദാർഢ്യം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം -ജി.സി.സി മന്ത്രിതല കൗൺസിൽ
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സഹമന്ത്രിമാരായ സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി എന്നിവർ
ദോഹ: ജോർദാനെയും മറ്റു ജി.സി.സി രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതല കൗൺസിലിന്റെ ചെയർമാനുമായ ഡോ. അബ്ദുൽത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന വിഡിയോ കോൺഫറൻസ് വഴിയാണ് അസാധാരണ യോഗം ചേർന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ജി.സി.സി വിദേശകാര്യ മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മന്ത്രിമാർ വിശദമായി ചർച്ച ചെയ്ത മന്ത്രിമാർ, ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം കൗൺസിലിലെ മുഴുവൻ രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ രാജ്യങ്ങളുടെ പരമാധികാരം, അയൽപക്ക ബന്ധങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണ്. സിവിലിയന്മാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും സംയുക്ത പ്രതിരോധ കരാർ അനുസരിച്ച് ഇതിനെ നേരിടുമെന്നും മന്ത്രിമാർ വിശദമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ (51) പ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം ജി.സി.സി രാജ്യങ്ങൾക്കുണ്ടെന്നും യോഗം ഓർമിപ്പിച്ചു.
ഇറാൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും ഉയർന്ന പ്രൊഫഷണലിസത്തോടെ തടയുകയും നിർവീര്യമാക്കുകയും ചെയ്ത അംഗരാജ്യങ്ങളിലെ സായുധ സേനകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കൗൺസിൽ അഭിനന്ദിച്ചു. സിവിലിയന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തിയ കാര്യക്ഷമത എടുത്തുപറയേണ്ടതാണെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. സംഘർഷം ഒഴിവാക്കാൻ ജി.സി.സി രാജ്യങ്ങൾ നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ഇറാനെതിരെ ആക്രമണം നടത്താൻ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പുനൽകിയിട്ടും ഇറാൻ ആക്രമണം തുടരുന്നത് ഖേദകരമാണ്. മേഖലയിലെ സുരക്ഷയും വിതരണ ശൃംഖലകളുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണം. അറേബ്യൻ ഗൾഫ് മേഖലയിലെ സ്ഥിരത ആഗോള സമ്പദ്വ്യവസ്ഥയുടെയും ഊർജ്ജ വിപണിയുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്നും കൗൺസിൽ ഓർമിപ്പിച്ചു.
ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ തടയാൻ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണം. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ അറിയിച്ച സൗഹൃദ രാജ്യങ്ങൾക്ക് ജി.സി.സി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

