ഗൾഫ് സുരക്ഷ കൂട്ടായ ഉത്തരവാദിത്തം: സുരക്ഷാ വെല്ലുവിളികൾ തിരിച്ചറിയുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ധാരണയുണ്ട്
text_fieldsഹിലി ഫോറത്തിൽ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി സംസാരിക്കുന്നു
ദോഹ: ഗൾഫ് സുരക്ഷ മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഭാവി സുരക്ഷാ ക്രമീകരണങ്ങളിൽ രാജ്യങ്ങൾ പ്രധാന പങ്കാളികളായി തുടരണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
അബുദാബിയിൽ മൂന്നാമത് ‘ഹിലി ഫോറം 2026’ ലെ പ്ലീനറി സെഷനിൽ 'ഗൾഫ് മേഖലയിലെ സുരക്ഷാ സങ്കീർണ്ണതകൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധവും സംഘർഷങ്ങളും മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന കാര്യം വ്യക്തമായിട്ടുണ്ട്. സുരക്ഷാ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇപ്പോൾ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മേഖലയിൽ നടക്കുന്ന സംഘർഷങ്ങളുടെ ആഘാതം ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അത് ആഗോള ഊർജ്ജ മേഖല, വാണിജ്യം, സമുദ്ര ഗതാഗതം, അന്താരാഷ്ട്ര വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ സാധാരണമായി കാണുന്നത് അപകടകരമാണ്. അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്തമില്ലായ്മ കൂടുതൽ നിയമലംഘനങ്ങൾക്കും അസ്ഥിരതക്കും വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള പ്രതിരോധ -സുരക്ഷാ ഘടനകളുടെ ബലഹീനതകളാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ സ്ഥിരതയുള്ളതും നിലനിൽക്കുന്നതുമായ ഒരു സംവിധാനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഇത് ബോധ്യപ്പെടുത്തുന്നു. നയതന്ത്ര ശ്രമങ്ങളും സാമ്പത്തിക പരസ്പരാശ്രയത്വം ഉറപ്പാക്കിയും കൂടുതൽ കരുത്തുറ്റ കൂട്ടായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കണം.
നിർണായകമായ അന്താരാഷ്ട്ര ജല പാതകളെ സമ്മർദ തന്ത്രങ്ങൾക്കായി ഉപയോഗിക്കുന്നതിനെ അദ്ദേഹം മുന്നറിയിപ്പ് നൽകി. സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിലൂടെ കേവലം സാമ്പത്തിക വെല്ലുവിളി മാത്രമായി അതിനെ ചുരുക്കരുത്. തർക്കങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്ര ശ്രമങ്ങളും അത്യന്താപേക്ഷിതമാണ്.
സമാധാനപരമായ പ്രശ്നപരിഹാരങ്ങൾക്കും സംഭാഷണങ്ങൾക്കും ഖത്തർ നൽകുന്ന പിന്തുണയും രാഷ്ട്രീയ ഇച്ഛാശക്തിയും അദ്ദേഹം എടുത്തുപറഞ്ഞു. സംഭാഷണം, എന്നാൽ ഏതെങ്കിലും കക്ഷിയുമായി സഖ്യമുണ്ടാക്കുക എന്നല്ല, മറിച്ച് സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനും ആശയവിനിമയം നിലനിർത്തുന്നതിനും സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള ഒരു പ്രധാന മാർഗമാണ്. ഗൾഫ് മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ ആഗോള തലത്തിൽ വ്യാപിക്കുന്നതിനാൽ, നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പ്രാദേശിക -അന്തർദേശീയ തലത്തിൽ കൂട്ടായ ശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

