ഖത്തർ: കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ തനിയെ പുതുക്കപ്പെടും
text_fieldsദോഹ: രാജ്യത്തെ മുഴുവൻ കമ്പനികളുടെയും എസ്റ്റാബ്ലിഷ്മെൻറ് കാർഡുകൾ (കമ്പ്യൂട്ടർ കാർഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയം ഡയറക്ടറേറ്റ് സന്ദർശിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗവ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് മന്ത്രാലയത്തിെൻറ നടപടി.
2020 ജനുവരി ഒന്നിനോ അതിന് ശേഷമോ കാലാവധി കഴിഞ്ഞ കാർഡുകളാണ് പുതുക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് വ്യക്തമാക്കി. 2020 മെയ് ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് കമ്പ്യൂട്ടർ കാർഡ് പുതുക്കി നൽകുക. പുതുക്കുന്നതിനുള്ള ഫീസ് സംബന്ധിച്ച കാര്യങ്ങൾപിന്നീട് തീർപ്പാക്കും.
കോവിഡ്–19 വ്യാപനം തടയുന്നതിനും മുൻകരുതൽ നടപടികളുടെ ഭാഗമായും ആഭ്യന്തര മന്ത്രാലയത്തിെൻറ നിരവധി സേവനങ്ങൾ മെട്രാഷ് 2 വഴി ആക്കിയിട്ടുണ്ട്. സേവനങ്ങൾ ആവശ്യമുള്ളവർ നിർബന്ധമായും മെട്രാഷ് 2 ഉപയോഗിക്കണം.
വാഹനങ്ങളുടെ നമ്പർപ്ലേറ്റ് മാറ്റുക, വാഹങ്ങൾ ഒഴിവാക്കുക, ക്രിമിനൽ പരാതികൾ സമർപ്പിക്കുക, നവജാത ശിശുക്കളെ ദേശീയ മേൽവിലാസത്തിൽ ചേർക്കുക തുടങ്ങിയ സേവനങ്ങൾ ഈയിടെയായി മന്ത്രാലയം മെട്രാഷ് 2ൽ പുതുതായി ചേർത്തവയാണ്.
കൂടാതെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, കളഞ്ഞുപോയ വസ്തുക്കളുടെ രജിസ്േട്രഷൻ, ദേശീയ മേൽവിലാസ രജിസ്േട്രഷൻ എന്നിവയും മെട്രാഷ് 2 വഴിയോ ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ ചെയ്യാവുന്നതാണ്.
മെട്രാഷ് 2ൽ ഇതുവരെയായി ഒരു ദശലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെയായി 2.3 ദശലക്ഷം ഇടപാടുകളാണ് മെട്രാഷ് 2ലൂടെ പൂർത്തിയായതെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.