ഗൾഫ് മാധ്യമം - ഷി ക്യൂ എക്സലൻസ് വോട്ടെടുപ്പ് നാളെ അവസാനിക്കും
text_fieldsദോഹ: ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് അവാർഡ് വിജയിയെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടെടുപ്പ് ബുധനാഴ്ചയോടെ അവസാനിക്കും. പത്തുദിവസം പിന്നിട്ട വോട്ടെടുപ്പ് ഇതിനകംതന്നെ ഖത്തറിലെ പ്രവാസി മലയാളികളും ഇന്ത്യക്കാരുമുൾപ്പെടെയുള്ളവർക്കിടയിൽ സജീവമായിക്കഴിഞ്ഞു. സെപ്റ്റംബർ 22ന് ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന അവാർഡുദാന ചടങ്ങിൽ ആരാകും ഓരോ വിഭാഗങ്ങളിൽ നിന്നുമുള്ള അർഹരായ വിജയികൾ എന്ന് കണ്ടെത്താൻ പൊതുജനങ്ങൾക്കു കൂടിയുള്ള അവസരമാണ് ഓൺലൈൻ വോട്ടെടുപ്പ്.
10 വിഭാഗങ്ങളിലായാണ് ഫൈനൽ റൗണ്ടിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മൂന്ന് സംഘടനകളും 27 വ്യക്തികളും ഉൾപ്പെടെയുള്ളവരിൽ ഏറ്റവും മികച്ചവർക്കായി വായനക്കാർക്ക് വോട്ടുചെയ്യാം. ലഭിച്ച വോട്ടിന്റെ അനുപാതവും വിദഗ്ധ ജഡ്ജിങ് പാനലിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കുന്നത്. www.sheqawards.com/voting ൽ പ്രവേശിച്ച് ഖത്തർ നമ്പറിലുള്ള ആർക്കും വോട്ട് ചെയ്യാവുന്നതാണ്.