ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് അവാർഡ് നിശ: താര രാവിൽ പാർവതി
text_fieldsദോഹ: കാത്തിരിപ്പുകൾക്ക് അറുതിയാവുന്നു. ഖത്തറിന്റെ മണ്ണിൽ നേട്ടങ്ങൾ കൊയ്ത ഇന്ത്യൻ വനിതാരത്നങ്ങൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വെള്ളിയാഴ്ച ഹോളിഡേ ഇൻ അൽ മാസ ബാൾ റൂമിലെ സൂപ്പർതാരം മലയാള ചലച്ചിത്രലോകത്തെ അഭിനയ പ്രതിഭ പാർവതി തിരുവോത്തായിരിക്കും. ഓരോ വിഭാഗത്തിലെയും വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കാൻ പ്രിയപ്പെട്ട താരമെത്തുന്ന ആവേശത്തിലാണ് ‘ഷി ക്യൂ എക്സലൻസ്’ അവാർഡിന്റെ ഫൈനലിസ്റ്റുകളും. ഒന്നരപതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിലൂടെ ദേശീയ ശ്രദ്ധനേടിയ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംനേടിയ ഇഷ്ടനായികയാണ് പാർവതി. കഴിഞ്ഞ വർഷം നടന്ന പ്രഥമ ഷി ക്യൂ പുരസ്കാരത്തിൽ മമ്ത മോഹൻദാസായിരുന്നു മുഖ്യാതിഥി.
ആടിപ്പാടാൻ പാട്ടുരാവ്
പുരസ്കാരത്തിനൊപ്പം മധുരസംഗീതം പെയ്തിറങ്ങുന്ന രാവുകൂടിയാണ് ഹോളിഡേ ഇൻ കാത്തുവെക്കുന്നത്. പിന്നണി ഗാനരംഗത്തെ ശ്രദ്ധേയ താരനിരകൾ അവാർഡ് ചടങ്ങിന് മാറ്റുകൂട്ടാൻ ദോഹയിൽ ഒത്തുചേരുന്നു. ഹിന്ദി ചലച്ചിത്രഗാനങ്ങളുമായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരുപിടി ആരാധകരെ സൃഷ്ടിച്ച രചന ചോപ്ര, എ.ആർ. റഹ്മാനെ പോലും അത്ഭുതപ്പെടുത്തിയ ശബ്ദസാദൃശ്യവുമായി ആസ്വാദക മനം കവർന്ന നിഖിൽ പ്രഭ, റിയാലിറ്റി ഷോകളിലൂടെ വളർന്നുവന്ന് മലയാള സിനിമയുടെ പിന്നണിഗാനശാഖയിൽ ശ്രദ്ധേയനായി മാറുന്ന ശ്രീജിഷ് ചോലയിൽ, പുതുതലമുറയുടെ ചുണ്ടിലെ മൂളിപ്പാട്ടായി മാറിയ ഒരുപിടി ഗാനങ്ങൾക്ക് മധുരമൂറുന്ന ശബ്ദം പകർന്ന് താരമായ വർഷ രഞ്ജിത്ത് എന്നിവരാണ് വെള്ളിയാഴ്ച രാത്രിയിൽ മധുരമൂറുന്ന സംഗീതവിരുന്നൊരുക്കുന്നത്.
ഇവർക്കൊപ്പം വയലിൻ തന്ത്രികളിലൂടെ അത്ഭുതം സമ്മാനിക്കാൻ വേദമിത്രയും ഇവർക്കൊപ്പം ചേരുന്നതോടെ ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരരാവ് സമ്മാനിക്കുന്നത് അതുല്യമായൊരു അനുഭവം തന്നെയായി മാറും. അവാർഡ് പ്രഖ്യാപനവും സംഗീതപരിപാടികളുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പരിപാടിയുടെ മുഖ്യ അവതാരകനായി മിഥുൻ രമേശും വേദിയെ സമ്പന്നമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

