ഗൾഫ് മാധ്യമം ഖത്തർ റൺ ഏഴാം പതിപ്പ് ജനുവരി 30ന്
text_fields
ദോഹ: കായിക തലസ്ഥാനമായി മാറിയ ഖത്തറിന്റെ മണ്ണിൽ ഓട്ട പ്രേമികളുടെ വാർഷിക പോരാട്ടമായ ‘ഗൾഫ് മാധ്യമം -ഖത്തർ റൺ’ ട്രാക്കുണരുന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടെ രാജ്യത്തെ ഓട്ടക്കാർ ആവേശപൂർവം കാത്തിരിക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ’ ഏഴാം പതിപ്പിന് ജനുവരി 30ന് ആസ്പയർ പാർക്ക് വേദിയാകും.
ആഗോള കായികഭൂപടത്തിൽ സമ്മോഹന ഇടം കണ്ടെത്തിയ ഖത്തറിന്റെ കായിക ഭൂമികയായ ആസ്പയർ പാർക്കിലാണ് ഏഴാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ഗ്രാൻഡ് മാൾ പ്ലാറ്റിനം സ്പോൺസറാകുന്ന ഖത്തർ റണ്ണിൽ നസീം ഹെൽത്ത് കെയർ പാർട്ണറാണ്.
കഴിഞ്ഞ ആറ് പതിപ്പുകൾക്കകം ഖത്തർ റൺ രാജ്യത്തിന്റെ കായിക മേഖലയിൽ വലിയ സ്വീകാര്യതയാണ് സ്വന്തമാക്കിയത്. കായിക പ്രേമികളുടെ നിറസാന്നിധ്യവും അതിരുകളില്ലാത്ത ആവേശവും സമന്വയിക്കുന്ന ഹ്രസ്വ -ദീർഘ ദൂര ട്രാക്കിൽ ഇക്കുറിയും വിവിധ വിഭാഗങ്ങളിലായി മത്സരം നടക്കും. രാജ്യത്തെ അഭിമാനകരമായ ക്രോസ് കൺട്രി പോരാട്ടവേദികളിലൊന്നായി മാറിയ ഖത്തർ റണ്ണിൽ, പ്രഫഷനലുകളും അത്ലറ്റുകളും വിവിധ സമൂഹങ്ങളിൽനിന്നുള്ള കായിക പ്രേമികളും മാറ്റുരക്കാനിറങ്ങും.
വിവിധ കിലോമീറ്റർ വിഭാഗങ്ങളിൽ പല പ്രായക്കാർക്കായി മത്സരങ്ങളുണ്ട്. കഴിഞ്ഞ പതിപ്പിൽ 65 രാജ്യങ്ങളിൽനിന്നായി എണ്ണൂറോളം അത്ലറ്റുകളാണ് വിവിധ കാറ്റഗറികളിൽ പങ്കെടുത്തത്. പ്രഫഷനൽ അത്ലറ്റുകൾ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വരെ വിവിധ കാറ്റഗറികളിലായി മാറ്റുരച്ചു. ഇത്തവണ ആയിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 10 കിലോമീറ്റർ, 5 കി.മീ, 2.5 കി.മീ, ജൂനിയർ വിഭാഗം, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ മത്സരങ്ങളും ഒരേ വേദിയിൽ നടക്കും.
കുട്ടികൾക്ക് മിനി കിഡ്സ്, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം. 17 മുതൽ മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും 40നുമുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സ് വിഭാഗത്തിലും പങ്കെടുക്കാം.
ഖത്തർ റണ്ണിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. ജൂനിയർ, ഓപൺ വിഭാഗങ്ങളിലുള്ളവർക്ക് 125 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. മൂന്ന് മുതൽ ആറു വയസ്സുവരെ കുട്ടികളുടെ മിനി കിഡ്സിന് 75 റിയാലാണ് ഫീസ്.
താൽപര്യമുള്ളവർക്ക് 66742974 എന്ന നമ്പറിലൂടെയോ madhyamam.com /qatarrun ലൂടെയോ വാർത്തയിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

