ഗൾഫ് മാധ്യമം ‘ഖത്തർ റൺ’ ഇവന്റ് ലോഞ്ച്
text_fieldsഗൾഫ് മാധ്യമം ‘ഖത്തർ റൺ’ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ കായികാവേശത്തെ ചൂടുപിടിപ്പിച്ച്, മറ്റൊരു കായിക മാമാങ്കത്തിനുകൂടി വേദിയൊരുങ്ങുന്നു. ഖത്തറിലെ കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ’ ജനുവരി 30ന് ആസ്പയർ പാർക്കിലെ ട്രാക്കുകളിൽ നടക്കും. ആരോഗ്യകരമായ ജീവിതശൈലിയും കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന മത്സരത്തിൽ, ഖത്തരികളും പ്രവാസികളും വിദേശികളും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം പേർ ഒന്നിക്കും. ഏഴാമത് ‘ഖത്തർ റൺ’ ഇവന്റ് ലോഞ്ച് സംസം റസ്റ്റാറന്റിൽ പ്രൗഢമായ ചടങ്ങിൽ നടന്നു.
ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സവോയ് ഇൻഷുറൻസ് സി.ഇ.ഒ ജെറി ബാബു ബഷീർ, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ, നന്ദൂസ് സി.ഇ.ഒ വെങ്കിടേഷ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ എ.സി. മുനീഷ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ഇ. അർഷദ്, ഗൾഫ് മാധ്യമം ഖത്തർ ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, റേഡിയോ സുനോ ആർ.ജെ നിസ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ വിശിഷ്ഠാതിഥികൾ ചേർന്ന് ഖത്തർ റൺ ഏഴാം പതിപ്പിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
ലോകോത്തര കായിക മാമാങ്കങ്ങൾക്ക് ആതിഥ്യമരുളുന്ന ഖത്തറിന്റെ മണ്ണിൽ, ആരോഗ്യ-ജീവിതശൈലി പ്രോത്സാഹനമായി ഗൾഫ് മാധ്യമം നടത്തുന്ന ഖത്തർ റണിന് എല്ലാവിധ ആശംസകളും നേരുന്നതായി ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഖത്തറിൽ നടക്കുന്ന വിവിധങ്ങളായ കമ്യൂണിറ്റി പരിപാടികളിൽ ഗ്രാൻഡ് മാൾ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലെ ഏക മലയാളം ദിനപത്രമാണ് ഗൾഫ് മാധ്യമം, മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും നിലപാടുകൾ കൃത്യമായി അവതരിപ്പിച്ചും വായനക്കാരുടെ വിശ്വാസമാർജിച്ച ഗൾഫ് മാധ്യമം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്നതാണ് ഖത്തർ റൺ എന്ന് ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ എ.സി. മുനീഷ് പറഞ്ഞു.
കഴിഞ്ഞ വർഷം എണ്ണൂറോളം പേർ പങ്കെടുത്ത പരിപാടി, അതിന്റെ ഏഴാം പതിപ്പിൽ എത്തുമ്പോൾ കൂടുതൽ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകും. പ്രഫഷനൽ അത്ലറ്റുകൾ മുതൽ കായിക വിനോദങ്ങളെ സ്നേഹിക്കുന്ന സാധാരണക്കാർ വരെ ഒരേ ട്രാക്കിൽ അണിനിരക്കുന്നു എന്നതാണ് ഖത്തർ റണിന്റെ പ്രത്യേകത. വിവിധ രാജ്യങ്ങളിലുള്ളവരുടെ ഒത്തുചേരലായി പരിപാടി മാറും. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കാറ്റഗറികൾ ഉള്ളതിനാൽ, കുടുംബസമേതം കായിക ഉത്സവത്തിൽ പങ്കുചേരാം. കായികക്ഷമതയും പ്രായവും പരിഗണിച്ച് വിവിധ ദൂരപരിധികളിലായിട്ടാണ് ഓട്ടമത്സരം ക്രമീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെയും വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരെയും ഒരേ ലക്ഷ്യത്തിനായി ഒന്നിപ്പിക്കുന്ന വേദികൂടിയായി ഖത്തർ റൺ ഏഴാം പതിപ്പ് മാറും.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. കുട്ടികളുടെ മിനി കിഡ്സ്, ജൂനിയർ, ഓപൺ എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർക്ക് 66742974 എന്ന നമ്പറിലൂടെയോ madhyamam.com /qatarrunലൂടെയോ വാർത്തയിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

