ആവേശം വിതറാൻ ഗൾഫ് മാധ്യമം ‘ഖത്തർ റൺ’; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsദോഹ: ഖത്തറിലെ കായിക പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കായിക വിസ്മയം വീണ്ടുമെത്തുന്നു. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഏഴാമത് ‘ഖത്തർ റൺ’ ജനുവരി 30ന് ആസ്പയർ പാർക്ക് വേദിയാകും. ലോകോത്തര കായിക മാമാങ്കങ്ങൾക്ക് ആതിഥ്യമരുളുന്ന ഖത്തറിന്റെ മണ്ണിൽ വേദിയാകുന്ന പരിപാടിയിൽ ഖത്തരികളും താമസക്കാരും വിദേശികളും അടക്കം ആയിരത്തോളം പേരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം എണ്ണൂറോളം പേരാണ് പങ്കെടുത്തത്. പ്രഫഷനൽ അത്ലറ്റുകൾ മുതൽ കായിക വിനോദമായി കാണുന്ന സാധാരണക്കാർ വരെ ഈ ട്രാക്കിൽ ഒത്തുചേരും. ഖത്തരി പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ കായിക ഉത്സവത്തിന്റെ ഭാഗമാകാം.
പ്രഫഷനൽ അത്ലറ്റുകൾ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വരെ വിവിധ കാറ്റഗറികളിലായി ട്രാക്കിലിറങ്ങും. കഴിഞ്ഞ ആറ് പതിപ്പുകളിലൂടെ ഖത്തറിന്റെ കായിക ഭൂപടത്തിൽ പ്രത്യേകമായി ഇടം കണ്ടെത്താൻ ഖത്തർ റണിന് സാധിച്ചിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ കായിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ റൺ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് പ്രോത്സാഹനമായും കായികാവേശവും ഒരുക്കി ഖത്തർ റൺ ഏഴാമത് പതിപ്പ് പുതുചരിത്രം തീർക്കും. ഓട്ടത്തിൽ താൽപര്യമുള്ളവർക്കും ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്കും ഒരുപോലെ ഖത്തർ റൺ മത്സരത്തിന്റെ ഭാഗമാകാം. വിവിധ കിലോമീറ്റർ വിഭാഗങ്ങളിൽ പല പ്രായക്കാർക്കായി നിരവധി കാറ്റഗറികളായി മത്സരങ്ങളിൽ മാറ്റുരക്കാം.
കുട്ടികൾക്ക് മിനി കിഡ്സ്, ജൂനിയർ വിഭാഗങ്ങളിലായി പങ്കെടുക്കാം. 17 മുതൽ മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും 40നുമുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സ് വിഭാഗത്തിലും മാറ്റുരക്കാം. 10 കിലോമീറ്റർ, അഞ്ച് കി.മീ, 2.5 കി.മീ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം.
ആസ്പയർ പാർക്കിന്റെ ട്രാക്കുകളിൽ ആവേശത്തിന്റെ വിസ്മയം തീർക്കാൻ നിങ്ങളും തയാറല്ലേ... പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്ത് ഖത്തർ റണിന്റെ ഭാഗമാകാം...ജൂനിയർ, ഓപൺ വിഭാഗങ്ങളിലുള്ളവർക്ക് 125 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. മൂന്ന് മുതൽ ആറു വരെ വയസ്സുള്ള കുട്ടികളുടെ മിനി കിഡ്സിന് 75 റിയാലാണ് ഫീസ്. താൽപര്യമുള്ളവർക്ക് 66742974 എന്ന നമ്പറിലൂടെയോ madhyamam.com /qatarrun ലൂടെയോ വാർത്തയിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

