ഒരു വേദി; പാട്ടിന്റെ പലകാലങ്ങൾ
text_fieldsവെള്ളിയാഴ്ച രാത്രിയിൽ ദോഹയിൽ നടന്ന ‘ഗൾഫ് മാധ്യമം മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’പരിപാടിയുടെ സദസ്സ്
കെ. രാഘവൻ മാസ്റ്ററും പി. ഭാസ്കരനും ഒന്നിച്ച ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’എന്നു തുടങ്ങുന്ന വരികൾ ഉയരുമ്പോൾ ആഹ്ലാദം കൊള്ളാത്ത സംഗീത പ്രേമികളുണ്ടാവില്ല. മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ മുഖ്യധാരയിലേക്ക് ഇരുത്തിച്ച പാട്ടുമായാണ് ഷെരീഫും അഫ്സലും ഉൾപ്പെടെ മുഴുവൻ ഗായക സംഘം സംഗീത രാവിനെ ‘മെലോഡിയസ്’ഓർമകളിലേക്ക് ആനയിച്ചത്. പശ്ചാത്തലത്തിൽ ‘നീലക്കുയിലിലെ’രംഗങ്ങൾ കൂടി മിന്നിമറഞ്ഞപ്പോൾ ആസ്വാദകർ അരനൂറ്റാണ്ടിനപ്പുറത്തെ കാഴ്ചകളിലേക്ക് പോയി.
ചെമ്മീനിലെ (1965) ‘കടലിന്നക്കരെ പോണോരേ...’എന്ന വയലാർ-സലിൽ ചൗധരി കൂട്ടിന്റെ അനശ്വര ഗാനം എല്ലാവരും ചേർന്ന് ആലപിച്ചുകൊണ്ട് ഈ സെഷന് കൊഴുപ്പേകി. പലകാലങ്ങളിൽ മലയാളികൾ പാടിത്രസിച്ച പാട്ടുകൾ മലവെള്ളപ്പാച്ചിൽ പോലെ ഒന്നിനുപിന്നാലെ ഒന്നായി അലയടിച്ച നിമിഷമായിരുന്നു പിന്നീട്.
ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ, ‘കാഫ് മല കണ്ട പൂങ്കാറ്റേ...’പാടിക്കൊണ്ട് കണ്ണൂർ ഷെരീഫ് ‘മെലോഡിയസ്’വേദിയെ മാപ്പിളപ്പാട്ടിന്റെ ആഘോഷപ്പറമ്പാക്കി മാറ്റി. ഇതിനിടയിൽ സ്റ്റീഫൻ ദേവസ്സി കീബോഡുമായി വേദിയിലെത്തി ചടുലമാക്കിയ സദസ്സിലേക്കായിരുന്നു അഫ്സൽ മുഹമ്മദും ജാസിം ജമാലും ശിഖയുമെല്ലാം ചേർന്ന് എ.ആർ. റഹ്മാൻ, അകാലത്തിൽ പൊലിഞ്ഞ കെ.കെ. എന്നിവരുടെ പാട്ടുകളുമായി ഹിന്ദിസിനിമയുടെ മായാലോകത്തേക്ക് നയിച്ചത്.
മിമിക്രി താരം മഹേഷ് കുഞ്ഞുമോനും കണ്ണൂർ ഷെരീഫും
‘കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിനിടയിൽ ഖത്തറിൽ നിരവധി സംഗീത പരിപാടികൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഏറ്റവും വൈവിധ്യവും ആസ്വാദ്യകരവുമായ വേദിയായിരുന്നു മെലോഡിയസ് മെമ്മറീസ്. വെറുതെ കുറെ പാട്ടുകളുടെ ആലാപനം എന്നതിനപ്പുറം ഒരു ആശയത്തിൽ അവതരിപ്പിച്ച പാട്ടുകൾ എന്ന നിലയിൽ ഗംഭീമായിരുന്നു’-കോഴിക്കോട് സ്വദേശിയും 20 വർഷത്തിലേറെ ദോഹയിൽ പ്രവാസിയുമായ മുഹമ്മദ് ഇസ്മായിൽ പറയുന്നു. ഇസ്മായിലിനെപ്പോലെ ഒരുപാട് കലാസ്വാദകരുടെ നല്ലവാക്കുകൾ കേട്ടാണ് ഗൾഫ് മാധ്യമം -മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ് കൊടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

