സബാഷ് മക്കളേ...
text_fieldsഗൾഫ് മാധ്യമവും ഹഗ് മെഡിക്കൽ സർവിസസും പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച ലൈഫ് സ്കിൽ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ഫോട്ടോ: ആസിഫ് മുഹമ്മദ്
ദോഹ: പാഠപുസ്തകങ്ങൾക്ക് പുറത്തെ ജീവിതപാഠങ്ങളിലേക്ക് കുട്ടിക്കൂട്ടുകാരെ കൊണ്ടുപോയ ഒരു പകൽ. നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഒരുപിടി കാര്യങ്ങൾ. ആപ്പിളും ഓറഞ്ചും മുന്തിരിയും കഴുകിയെടുത്ത്, സൂക്ഷ്മതയോടെ അരിഞ്ഞ് സാലഡുണ്ടാക്കി കൂട്ടുകാർക്ക് വിളമ്പിയും, ഉടുപ്പും പുതപ്പും അടുക്കോടെ മടക്കിവെച്ചും, വസ്ത്രം സ്വന്തമായി അണിഞ്ഞും ഷൂ ലെയ്സ് കെട്ടിയും മുടി ചീകിയൊതുക്കിയും അവർ സ്വന്തം കാര്യങ്ങൾക്ക് ഞങ്ങൾ പ്രാപ്തരാണെന്ന് വിളിച്ചു പറഞ്ഞു.
നിത്യജീവിതത്തിൽ മാതാപിതാക്കൾ ചെയ്തു നൽകുന്ന കാര്യങ്ങൾ അവർ ആരുടെയും സഹായങ്ങളില്ലാതെതന്നെ പൂർത്തിയാക്കി, കൈ നിറയെ സമ്മാനങ്ങളുമായി ആത്മവിശ്വാസത്തോടെ അവർ വീടുകളിലേക്ക് മടങ്ങി. ജീവിതത്തിലെ ഓരോ ചുവടുകളിലേക്കും ഊർജമാവുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ചെയ്തു തീർത്തുകൊണ്ടുള്ള തുടക്കം.
‘ഗൾഫ് മാധ്യമം’, ഹഗ് മെഡിക്കൽ സർവിസുമായി ചേർന്ന് സംഘടിപ്പിച്ച ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ ആയിരുന്നു വേറിട്ട പരിശീലന പരിപാടിയുടെ വേദിയായി മാറിയത്. അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ നീണ്ട പരിപാടിയിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500ഓളം വിദ്യാർഥികൾ പങ്കെടുത്തു.
ഗൾഫ് മാധ്യമവും ഹഗ് മെഡിക്കൽ സർവീസും പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച ലൈഫ് സ്കിൽ ഒളിമ്പ്യാഡിൽ നിന്ന്
സംഘാടനത്തിലും ആശയ മികവിലും കൈയടി നേടിയാണ് ജി.സി.സിയിൽ തന്നെ ആദ്യമായി അവതരിപ്പിച്ച ലൈഫ് സ്കിൽ ഒളിമ്പ്യാഡ് കൊടിയിറങ്ങിയത്. രാവിലെ 8.30ന് തുടങ്ങും എന്നറിയിച്ച പരിപാടിയിലേക്ക് അതിരാവിലെ തന്നെ രക്ഷിതാക്കളുടെ കൈകളിലൂന്നി കുട്ടികൾ എത്തിക്കൊണ്ടിരുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം നേരെ ഒളിമ്പ്യാഡിനായി ഒരുക്കിയ ഹാളിലേക്ക്. കെ.ജി വിദ്യാർഥികൾക്ക് ഒരു ബാച്ചായും, ഒന്ന് മുതൽ മൂന്നു വരെ വിദ്യാർഥികൾക്ക് മറ്റൊരു ബാച്ചായും രാവിലത്തെ സെഷനിൽ പരിപാടികൾ ആരംഭിച്ചു.
അഞ്ചു പേർ അടങ്ങിയ ഓരോ സംഘവും പരിശീലനം ലഭിച്ച വളന്റിയർമാരുടെ നേതൃത്വത്തിലാണ് വിവിധ സ്കിൽ ടെസ്റ്റുകളിൽ പങ്കാളികളായത്. കളിയും പാട്ടും, നൃത്തവുമായി രണ്ടര മണിക്കൂർ നേരംകൊണ്ട് ഒരുപാട് അറിവുകളിലേക്ക് അവരെ നയിച്ചു. ഉച്ചകഴിഞ്ഞായിരുന്നു ഗ്രേഡ് നാല് മുതൽ 10 വരെ ക്ലാസുകാരുടെ സെഷനുകൾ അരങ്ങേറിയത്. ഓരോ പ്രായവിഭാഗക്കാർക്കുമായി ആസൂത്രണം ചെയ്ത പരിശീലനവുമായാണ് സ്കിൽ ഒളിമ്പ്യാഡ് പൂർത്തിയാക്കിയത്.
ഇതേസമയം രക്ഷിതാക്കൾക്കായി മനശ്ശാസ്ത്ര വിദഗ്ധർ, കരിയർ കൗൺസിലർമാർ, മെന്റൽ വെൽനസ് കോച്ച് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ നയിച്ച പരിശീലന സെഷനുകളും അരങ്ങേറി. കുട്ടികൾക്കായി മെറിയാൽ വാട്ടർ തീം പാർക്കിലെ കലാകാരന്മാരുടെ പ്രകടനവും ഒരുക്കിയിരുന്നു. അമേരിക്കൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലെ മെഡിക്കൽ ക്യാമ്പും നിരവധി പേർ പ്രയോജനപ്പെടുത്തി.
വൈകീട്ട് നടന്ന സമാപന പരിപാടിയിൽ ചെറിയ പ്രായത്തിൽ നോവൽ പരമ്പര പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലൈബ അബ്ദുൽ ബാസിത് മുഖ്യാതിഥിയായി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഇ. അർഷദ്, വൈസ് ചെയർമാൻ എ.സി. മുനീഷ്, ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ്. സാജിദ് എന്നിവർ പങ്കെടുത്തു.
എല്ലാവരെയും ചേർത്തുപിടിച്ച് ‘ഹഗ്’
ദോഹ: ആറു മാസത്തോളം അണിയറയിൽ നടത്തിയ അധ്വാനം ഏറ്റവും മനോഹരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡിന് നേതൃത്വം നൽകിയ ഹഗ് മെഡിക്കൽ സർവിസസ് സംഘം. മാനേജിങ് ഡയറക്ടർ ബിന്ദു കെ. മേനോൻ, മെഡിക്കൽ ഡയറക്ടർ റോഷ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേറിട്ട ആശയമായി കുട്ടികൾക്കായി ലൈഫ് സ്കിൽ ഒളിമ്പ്യാഡ് ആസൂത്രണം ചെയ്ത് സാക്ഷാത്കരിച്ചത്. തെറപ്പിസ്റ്റുകൾ ഉൾപ്പെടെ ഒരു ടീമായി മാസങ്ങളെടുത്തായിരുന്നു പ്ലാൻ തയാറാക്കിയത്.
1. ഹഗ് മെഡിക്കൽ സർവിസസിന്റെ ബിന്ദു കെ. മേനോൻ, റോഷ്ന എന്നിവർക്ക് മെമന്റോ സമ്മാനിക്കുന്നു 2. ലൈബ അബ്ദുൽ ബാസിതിന് ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ മെമന്റോ സമ്മാനിക്കുന്നു
‘ഗൾഫ് മാധ്യമ’ത്തിന്റെ പിന്തുണ കൂടിയായതോടെ ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ യാഥാർഥ്യമായി. വ്യക്തമായ ആസൂത്രണത്തോടെ തയാറാക്കിയ പരിശീലന പരിപാടികൾ, പലഘട്ടങ്ങളിലായി പ്രാക്ടിസ് ചെയ്ത് ഉറപ്പാക്കിയിരുന്നു. നല്ല ഹോംവർക്കും അണിയറയിൽ നടന്നു. ഏറ്റവും ഒടുവിൽ ടീം സ്പിരിറ്റോടെ കുട്ടികൾ ഓരോ ആക്ടിവിറ്റിയും പൂർത്തിയാക്കുന്നത് കണ്ടപ്പോൾ സന്തോഷമായി -ബിന്ദു കെ. മേനോൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
ഊർജമായി വളന്റിയർ സംഘം
ദോഹ: കൊച്ചുകുട്ടികൾ മുതൽ കൗമാരക്കാർ വരെ 500ഓളം പേർ പങ്കെടുത്ത ലൈഫ് സ്കിൽ ഒളിമ്പ്യാഡിന്റെ സംഘാടനത്തിൽ ഊർജമായി വളന്റിയർ സംഘം. സി.ഐ.സി വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, അമീൻ അർഷാദ്, ടി.കെ. അമീന എന്നിവരുടെ നേതൃത്വത്തിൽ 190ഓളം വരുന്ന വളന്റിയർമാരാണ് പരിപാടിയുടെ വിജയത്തിന് രാപ്പകലില്ലാതെ അധ്വാനിച്ചത്.
വളന്റിയർ സംഘത്തിനുള്ള മെമന്റോ സിദ്ദീഖ് വേങ്ങര, അമീൻ അർഷാദ് എന്നിവർ ഏറ്റുവാങ്ങുന്നു
കുട്ടികൾക്കുള്ള പരിപാടിയെന്ന നിലയിൽ ഒരു സംഘത്തിന് നേരത്തേ പരിശീലനം നൽകിയിരുന്നതായി വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര പറഞ്ഞു. വളന്റിയർമാർക്കുള്ള ആദരവായി ക്യാപ്റ്റൻമാർക്ക് മെമന്റോ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

