ദോഹ: ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെൻറില്‍ ഗ്രൂപ് ‘എ’യിലെ രണ്ടു മത ്സരങ്ങള് വെള്ളിയാഴ്ച നടക്കും. ഖലീഫ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് യു.എ.ഇ ഇറാഖിനെ യും എട്ടിന് യമൻ ഖത്തറിനെയും നേരിടും. നിലവിൽ മൂന്നു പോയൻറ് വീതം യു.എ.ഇക്കും ഇറാഖിനുമുണ്ട്. പോയൻറില്ലാത്തവരാണ് ഖത്തറും യമനും. ഇവർക്ക് മാത്രമല്ല, ഗ്രൂപ്പിൽ പ്രഥമസ്ഥാനം നിലനിര്‍ത്തേണ്ടതിനാല്‍ യു.എ.ഇക്കും ഇറാഖിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഖത്തർ പ്രതിരോധ നിരയിലെ ബസ്സാം അല്‍ റാവിയുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്.ഇറാഖിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അല്‍ റാവി ചികിത്സയില്‍ തുടരുകയാണ്. നവംബറിലെ റാങ്കിങ് പ്രകാരം ലോകനിലവാരത്തില്‍ 55ാം സ്ഥാനത്തായത് ഖത്തറിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഇരു ഗ്രൂപ്പുകളിലുമായി എല്ലാ ടീമുകളും ഓരോ കളികള്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച മത്സരമുണ്ടായിരുന്നില്ല.
ആദ്യഘട്ടത്തില്‍ ഗ്രൂപ് ‘എ’യില്‍ മൂന്നു പോയൻറുമായി യു.എ.ഇയും ഇറാഖുമാണ് ആദ്യ സ്ഥാനങ്ങളില്‍. ആദ്യ കളിയില്‍ പരാജയം രുചിച്ച ഖത്തറിനും യമനും പോയൻറില്ല. ഗ്രൂപ് ‘ബി’യില്‍ മൂന്നു പോയൻറുമായി കുവൈത്താണ് ഒന്നാമത്. സമനില നേടിയ ഒമാനും ബഹ്റൈനും ഓരോ പോയൻറ് വീതമാണുള്ളത്. കുവൈത്തിനോട് പരാജയപ്പെട്ട സൗദി അറേബ്യക്ക് പോയൻറില്ല.സൂഖ് വാഖിഫ്, കതാറ, വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. gulfcup2019.qa എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റ് നിരക്ക് 10, 30, 50 റിയാല്‍ ആണ്.ഗൾഫ് കപ്പിലെ മത്സരങ്ങൾ കാണാനെത്തുന്നവർ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മെട്രോയടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വേദിയിലേക്ക് കാണികള്‍ക്ക് ദോഹ മെട്രോ വഴി എത്താൻ സാധിക്കും.
ഗോള്‍ഡ് ലൈന്‍ വഴി ഖലീഫ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് സിറ്റി മെട്രോ സ്റ്റേഷനിലെത്താം. അല്ലെങ്കില്‍ റെഡ് ലൈനിൽ കയറി മിശൈരിബ് സ്റ്റേഷനിലെത്തി അവിടെനിന്ന് ഗോൾഡ്ലൈനിലൂടെ ഖലീഫ സ്റ്റേഡിയത്തിലെത്താം. ഗൾഫ് കപ്പ് പ്രമാണിച്ച് രാവിലെ ആറുമുതൽ രാത്രി 12 വരെ ദോഹ മെട്രോ സർവിസ് നടത്തുന്നുണ്ട്. ഡിസംബർ എട്ടുവരെ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിലെ മത്സരങ്ങൾ കാണാൻ പോകുന്നവർക്ക് മെട്രോയിൽ സൗജന്യ ടിക്കറ്റുമുണ്ട്. കളി കാണാനുള്ള ടിക്കറ്റ് കൈവശമുള്ളവർക്ക് മെട്രോ സ്റ്റേഷെൻറ ഗോൾഡ് ക്ലബ് ഓഫിസിൽനിന്ന് സൗജന്യ മെട്രോ യാത്രടിക്കറ്റും നേടാം. കളിയുള്ള ദിവസങ്ങളിൽ പ്രിൻറഡ് ടിക്കറ്റുകൾ കാണിക്കുന്നവർക്കാണിത് ലഭിക്കുക. ഉദ്ഘാടന ദിവസം ആയിരങ്ങളാണ് മെട്രോ സൗകര്യം ഉപയോഗിച്ചത്.