ഗൾഫ് കപ്പ്; ഖത്തറിന് രണ്ടാം ജയം
text_fieldsഖത്തർ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: ഗൾഫ് കപ്പിൽ ഖത്തറിന് തുടർച്ചയായ രണ്ടാം വിജയം. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തർ യമനെ പരാജയപ്പെടുത്തിയത്. കളിയുടെ 64ാം മിനിറ്റിൽ യൂസുഫ് അബ്ദുരിസാഖ് ആണ് ഖത്തറിന്റെ വിജയ ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റോടെ ഖത്തർ യു.എ.ഇക്കൊപ്പം സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ഖത്തർ മുന്നേറ്റനിര യമൻ ഗോൾവല ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയിരുന്നു. നാലാം മിനിറ്റിൽ അക്രം അഫീഫിന് ലഭിച്ച മികച്ച അവസരം യമൻ ഗോൾകീപ്പർ മുഹമ്മദ് അമാൻ തടഞ്ഞിട്ടു. തുടർന്ന് പ്രതിരോധത്തിലൂന്നി കളിച്ച യമനെതിരെ ഹസൻ അൽ ഹൈദോസും അക്രം അഫീഫും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യമൻ ഗോൾകീപ്പർ അമാന്റെ സേവിങ്ങിലൂടെ ഖത്തറിന്റെ ശ്രമങ്ങളെ പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ പരിശീലകൻ ജൂലൻ ലെപ്റ്റോഗി വരുത്തിയ മാറ്റങ്ങൾ ഖത്തറിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടി.
എഡ്മിൽസൺ ജൂനിയർ, അഹമ്മദ് അലാ എന്നിവരെ കളത്തിലിറക്കി യമനുമേൽ കൂടുതൽ സമ്മർദം ശക്തമാക്കിയ ഖത്തർ, ഒടുവിൽ 64ാം മിനിറ്റിൽ എഡ്മിൽസൺ നൽകിയ മികച്ച ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് യൂസുഫ് അബ്ദുരിസാഖ് വിജയഗോൾ കുറിച്ചു. തുടർന്ന് 73ാം മിനിറ്റിൽ പെഡ്രോ മിഗ്വേലിനെ ഫൗൾ ചെയ്തതിന് ഖത്തറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അക്രം അഫീഫെടുത്ത കിക്ക് യമൻ ഗോൾകീപ്പർ മുഹമ്മദ് അമാൻ തടുത്തിട്ടു. രണ്ടുമത്സരത്തിലും പരാജയമേറ്റ യമന് ടൂർണമെന്റിൽനിന്ന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

