ഹരിത ഇടങ്ങൾ വികസിക്കുന്നു; നവീകരിച്ച പാർക്കുകളുടെ ഉദ്ഘാടനം
text_fieldsദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി ഏകോപിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിച്ച അൽ തുമാമയിലെ നബഖ് പാർക്കും അൽ മിറാദിലെ അഥൽ പാർക്കും ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ സൗന്ദര്യവത്കരണ-വികസന പദ്ധതികളുടെ ഭാഗമാണ് പാർക്കുകൾ തുറന്നുനൽകിയത്.
ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി സുസ്ഥിര വികസനം, പരിസ്ഥിതി പരിപാലനം, സാമൂഹിക ക്ഷേമം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജനറൽ സർവിസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ കരാനി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നഗര പരിസ്ഥിതിനിലവാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും വിനോദ, ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പാർക്കുകൾ സജ്ജീകരിച്ചതെന്ന് അബ്ദുല്ല അഹമ്മദ് അൽ കരാനി പറഞ്ഞു. പുതിയ പാർക്കുകൾ വികസിപ്പിച്ചും നിലവിലുള്ളവ നവീകരിച്ചും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുക എന്നിവയിലൂടെ റെസിഡൻഷൽ ഏരിയകളിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതികൾ മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നബഖ് പാർക്ക്-അൽ തുമാമ
നവീകരിച്ച് പുതിയതായി ഉദ്ഘാടനം ചെയ്ത അൽ തുമാമയിലെ നബഖ് പാർക്ക് 3,723 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു. അതിൽ 67 ശതമാനം (ഏകദേശം 2,494 ചതുരശ്ര മീറ്റർ) പച്ചപ്പ് നിറഞ്ഞ ഇടങ്ങളാണ്. വിവിധതരം മരങ്ങൾ, കുറ്റിച്ചെടികൾ, പച്ച പുൽത്തകിടികൾ, 181 മീറ്റർ നീളത്തിൽ ജോഗിങ്ങിനുള്ള ട്രാക്ക്, 6 മുതൽ 12 വയസ്സുള്ള കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ഫിറ്റ്നസ് സോൺ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അഥൽ പാർക്ക് -അൽ മിറാദ്
അൽ മിറാദിലെ അഥൽ പാർക്ക് 3,368 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. പാർക്കിന്റെ 55 ശതമാനവും (1,865 ചതുരശ്ര മീറ്റർ) ഹരിത ഇടമാണ്. വിവിധതരം മരങ്ങൾ, കുറ്റിച്ചെടികൾ, വിവിധ അലങ്കാര സസ്യങ്ങൾ, 192 മീറ്റർ ജോഗിങ് ട്രാക്ക്, കുട്ടികൾക്കുള്ള കളിസ്ഥലം, 776 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നടപ്പാതകൾ, ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പാർക്കിലേക്ക് എല്ലാവർക്കും പ്രവേശനക്ഷമത ഉറപ്പാക്കുകയും മികച്ച സന്ദർശകാനുഭവം നൽകുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

