സീസണൽ പച്ചക്കറി ചന്തകൾ തുറന്നു
text_fieldsഅൽവക്റയിലെ പച്ചക്കറി ചന്ത ഫോട്ടോ: പെനിൻസുല
ദോഹ: റമദാൻ പ്രമാണിച്ച് ആരംഭിച്ച പ്രാദേശിക പച്ചക്കറി ചന്തകൾക്ക് ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം. പ്രാദേശികമായി ഉൽപാദിപ്പിച്ചെടുത്ത പച്ചക്കറികളുടെ വിൽപനക്കായി അൽ മസ്റൂഅ, അൽ വക്റ, അൽഖോർ-ദഖീറ, അൽ ശീഹാനിയ, അൽ ശമാൽ എന്നിവിടങ്ങളിലാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം സീസണൽ കാർഷിക ചന്തകൾ ആരംഭിച്ചിരിക്കുന്നത്. റമദാനിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വൈകീട്ട് ഏഴുമുതൽ രാത്രി 11 വരെയാണ് കാർഷിക ചന്തകൾ പ്രവർത്തിക്കുക.
കുറഞ്ഞ നിരക്കിൽ തദ്ദേശീയ പച്ചക്കറികൾ വാങ്ങുന്നതിനായി ഒന്നാം ദിനം തന്നെ നിരവധി ഉപഭോക്താക്കളാണ് ചന്തകളിലെത്തിയത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക വകുപ്പാണ് ചന്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്. നേരത്തേ പകൽ സമയത്ത് തുറക്കാൻ തീരുമാനിച്ചിരുന്ന ചന്തകളുടെ പ്രവർത്തനം രാത്രിയിലേക്ക് മാറ്റിയ തീരുമാനത്തെ ഉപഭോക്താക്കൾ സ്വാഗതം ചെയ്തിരുന്നു.
ഫാമിൽനിന്നുള്ള ഫ്രഷ് പച്ചക്കറികൾ ന്യായമായ വിലയിൽ ലഭിക്കുന്നതിന് പച്ചക്കറി ചന്തകൾ ഏറെ പ്രയോജനപ്പെടുന്നുവെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു.കൂടുതൽ അംഗങ്ങളുള്ള വീട്ടുകാർക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ഫ്രഷ് പച്ചക്കറികൾ ന്യായമായ നിരക്കിൽ ലഭ്യമാക്കാൻ ഇവ സഹായിക്കും.
ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കർഷകർക്ക് പിന്തുണയുമായി മന്ത്രാലയം രംഗത്തുവരുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾ വളരെ എളുപ്പത്തിൽ വിപണനം ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും കർഷകർക്ക് ഈ സംരംഭം ഏറെ സഹായകരമാകുമെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
കർഷകരിൽനിന്ന് ഒരിക്കലും മാർക്കറ്റിങ് ഫീസ് ഈടാക്കാതെയും ഇടനിലക്കാരില്ലാതെയുമാണ് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തുന്നത്. മന്ത്രാലയ നടപടി കർഷകർക്കും ഏറെ സഹായമാകും. കോവിഡ്-19 വീണ്ടും പടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷ മാനദണ്ഡങ്ങളുടെയും മുൻകരുതലുകളോടെയുമാണ് ചന്തകളുടെ പ്രവർത്തനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.