ഉയരങ്ങളിലെ താരങ്ങൾ ഒരേ വേദിയിൽ
text_fieldsവാട്ട് ഗ്രാവിറ്റി ചലഞ്ച് ഹൈജംപിൽ മത്സരിക്കുന്ന ഖത്തറിന്റെ മുഅതസ് ബർഷിം ഉൾപ്പെടെ ലോകതാരങ്ങൾ
ദോഹ: ലോകത്തെ വമ്പൻ ചാട്ടക്കാരെല്ലാം ഒന്നിക്കുന്ന ‘വാട്ട് ഗ്രാവിറ്റി ചാലഞ്ച്’ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച കതാറ ആംഫി തിയറ്റർ വേദിയാകും. ഖത്തറിന്റെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ ഹൈജംപ് താരമായ മുഅതസ് ബർഷിമിന്റെ പുത്തൻ ആശയമായി കഴിഞ്ഞ വർഷം ആരംഭിച്ച വാട്ട് ഗ്രാവിറ്റി ചലഞ്ചിന്റെ രണ്ടാമത് പതിപ്പിനാണ് ഇത്തവണ കതാറ വേദിയാകുന്നത്. പുതുതലമുറയിലെ ഹൈജംപ് താരങ്ങൾക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യവുമായാണ് ബർഷിം ഇത്തരമൊരു മത്സരവുമായി രംഗത്തു വന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുൻനിര ഹൈജംപ് താരങ്ങൾ ആവേശത്തോടെ പങ്കുചേർന്ന ഗ്രാവിറ്റി ചലഞ്ചിന്റെ രണ്ടാമത് എഡിഷൻ വന്നപ്പോഴും സീനിയർ താരങ്ങളെല്ലാം ദോഹയിലെത്തുന്നുണ്ട്. വൈകുന്നേരം അഞ്ച് മുതൽ രാത്രി 9.30 വരെയാണ് മത്സരങ്ങൾ. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
ബർഷിമിനു പുറമെ, പാരിസ് ഒളിമ്പിക്സിൽ വെള്ളി നേടിയ അമേരിക്കയുടെ ഷെൽബി മകീവൻ, ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് ന്യൂസിലൻഡിന്റെ ഹാമിദ് കെർ, ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് അമേരിക്കയുടെ ഹാരിസൺ ജുവോൺ, ബഹാമസിന്റെ മുൻ ലോക ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് ജേതാവുമായ തോമസ് ഡൊണാൾഡ്, ജപ്പാനിൽനിന്നുള്ള ഏഷ്യൻ ഇൻഡോർ ചാമ്പ്യൻ റ്യോചി അകമറ്റ്സു, വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ദക്ഷിണ കൊറിയയുടെ വൂ സാങ് യോക്, ജമൈക്കയുടെ റെയ്മണ്ട് റിച്ചാർഡ്സ്, മെക്സികോയുടെ എഡ്ഗാർ റിവേര, ആസ്ട്രേലിയയുടെ കോമൺവെൽത്ത് ചാമ്പ്യൻ ബ്രാണ്ടൻ സ്റ്റാർക്, ചെക്ക് റിപ്പബ്ലിക്കിന്റെ യുവതാരം യാൻ സ്റ്റെഫല ഉൾപ്പെടെ താരങ്ങളാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ കതാറയിൽ ചാടാൻ ഒരുങ്ങുന്നത്.
ഇത്തവണ വനിതകളുടെ ലോക താരങ്ങളും വാട്ട് ഗ്രാവിറ്റിയിൽ മാറ്റുരക്കും. പാരിസ് ഒളിമ്പിക്സിൽ സ്വർണവും ടോക്യോയിൽ വെങ്കലവും നേടിയ യുക്രെയ്നിന്റെ യരോസ്ലാവ് മഹുചിക്, ആസ്ട്രേലിയയുടെ മുൻ ലോക ചാമ്പ്യൻ എലിനർ പാറ്റേഴ്സൺ, ജർമനിയുടെ ക്രിസ്റ്റിന ഹോൻസെൽ എന്നിവരാണ് കളത്തിലിറങ്ങുന്നത്.
1.55 ലക്ഷം ഡോളർ സമ്മാനത്തുകയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. അൽകാസ്, ബീൻ സ്പോർട്സ് ഉൾപ്പെടെ ചാനലുകളിൽ തത്സമയ സംപ്രേഷണവും ഉണ്ട്. മുഅതസ് ബർഷിമായിരുന്നു കഴിഞ്ഞ വർഷം ജേതാവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

