ഗ്രാൻഡ് എക്സ്പ്രസ് ഉം ഖർനയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാൻഡ് മാളിന്റെ പുതിയ ഹൈപര്മാര്ക്കറ്റായ ഗ്രാൻഡ് എക്സ്പ്രസ് ഉം ഖര്നയില് പ്രവര്‍ത്തനം തുടങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ ശൈഖ് ഫൈസല്‍ ഖലീഫ എസ്.ജെ ആൽഥാനി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപർമാർക്കറ്റിന്റെ ഏഴാമത്തെ ശാഖയാണ് ഉം ഖർനയിൽ പ്രവർത്തനം തുടങ്ങിയത്.
ഗ്രാൻഡ്മാൾ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ഷരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ചീഫ് ഓപറേഷൻ ഓഫിസർ ഡേവിഡ് ഫോഡ് എന്നിവർ പങ്കെടുത്തു. ശമാൽ എക്സ്പ്രസ് റോഡിൽ എക്സിറ്റ് 24ലാണ് ഉം ഖർനയിലെ ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.
ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് ഖത്തറിൽ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഉദ്ഘാടകനായ ശൈഖ് ഫൈസൽ ആൽഥാനി പറഞ്ഞു. ഉംഖർനയിലെ വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതായിരിക്കും ഗ്രാൻഡ് എക്സ്പ്രസ്. അന്തരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് അനുഭവവും മികച്ച നിലവാരമുള്ള ഉൽപന്നങ്ങളും ഉറപ്പാക്കുന്ന ഗ്രാൻഡ്മാൾ ടീമിനെയും മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിനെയും ഖത്തർ റീജ്യനൽ മാനേജ്മെന്റിനെയും അഭിനന്ദിച്ച അദ്ദേഹം വിജയാശംസകളും നേർന്നു.
തങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെയും വിജയകരമായ പ്രവർത്തനങ്ങളുടെയും ഫലമാണ് ഏഴാമത്തെ ഹൈപർമാർക്കറ്റെന്ന് ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു. വിവിധ മന്ത്രാലയങ്ങൾ, മുനിസിപ്പാലിറ്റി വിഭാഗം ഉൾപ്പെടെയുള്ളവരുടെ പിന്തുണക്ക് നന്ദിയും അറിയിച്ചു. പ്രാദേശിക സംരംഭകർ, ഉൽപാദകർ എന്നിവർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും ഗ്രാൻഡ് എക്സ്പ്രസിലൂടെ പുതിയ റീട്ടെയിൽ ഇടം കൂടി നൽകുകയാണെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. പ്രാദേശിക ബിസിനസുകൾക്കും അന്തർദേശീയ ബ്രാൻഡുകൾക്കും വലിയ വിപണി ഇതുവഴി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, ബേക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയ അവശ്യ സാധനങ്ങളെല്ലാം മിതമായ നിരക്കില്‍ ഗ്രാൻഡ് എക്സ്പ്രസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു.
ലോകകപ്പിനോട് അനുബന്ധിച്ചുള്ള പ്രത്യേക സമ്മാനപദ്ധതികള്‍ പുതിയ ശാഖയിലും ലഭ്യമാണ്.
വരുന്ന ആറു മാസത്തിനുള്ളിൽ നാല് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകൾ കൂടി ഖത്തറിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഡോ. അൻവർ അമീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

