പൊലീസ് അക്കാദമി എട്ടാം ബാച്ച് കാഡറ്റുകളുടെ ബിരുദദാനം
text_fieldsദോഹ: രാജ്യത്തിന്റെ കരുത്തും യുവത്വത്തിന്റെ ആവേശവും പ്രദർശിപ്പിച്ച് പൊലീസ് അക്കാദമിയിലെ എട്ടാം ബാച്ച് കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി അൽ സൈലിയയിലെ പൊലീസ് കോളജിൽ നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ശൈഖുമാർ, മന്ത്രിമാർ, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ്, ലെഖ്‌വിയ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. കൂടാതെ സൗഹൃദ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷ-സൈനിക ഉദ്യോഗസ്ഥരും മറ്റു വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
രാവിലെ തന്നെ പരേഡ് ഗ്രൗണ്ടിലേക്ക് വിശിഷ്ടാതിഥികളും മാധ്യമ പ്രവർത്തകരും മറ്റ് ക്ഷണിക്കപ്പെട്ടവരും എത്തിത്തുടങ്ങിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ പൊലീസ് അക്കാദമയിലെ ബിരുദദാരികളുടെ കുടുംബങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തി. ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പരേഡ് കമാൻഡറുടെ അഭിവാദ്യം സ്വീകരിച്ച് അമീർ, ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്തു. ഖത്തർ, കുവൈത്ത്, ജോർഡൻ, ഫലസ്തീൻ, ലിബിയ, യെമൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള 168 ബിരുദധാരികളാണ് പരേഡിൽ അണിനിരന്നത്.
ഖുർആൻ പാരായണത്തിന് ശേഷം, പൊലീസ് അക്കാദമി പ്രസിഡന്റ് മേജർ ജനറൽ അബ്ദുറഹ്മാൻ മജിദ് അൽ സുലൈത്തി സംസാരിച്ചു. തുടർന്ന്, ഏറ്റവും മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അമീർ ആദരിച്ചു. എട്ടാം ബാച്ചിൽ നിന്ന് ഒമ്പതാം ബാച്ചിലേക്കുള്ള പതാക കൈമാറ്റവും നിയമന ഉത്തരവ് വായിക്കലും നടന്നു. ശേഷം പൊലീസ് അക്കാദമി ബിരുദധാരികളുടെ മാർച്ച് പാസ്റ്റിനും പ്രൗഡമായ ചടങ്ങ് സാക്ഷ്യംവഹിച്ചു.
ബിരുദധാരികളുടെ മാർച്ചിന് പുറമെ മിലിട്ടറി പരേഡും സ്കൂൾ വിദ്യാർഥികൾ അണിനിരന്ന ‘ഓഫിസേഴ്സ് ഓഫ് ടുമാറോ’ പരേഡും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. സൈനിക ചിട്ടയോടെയുള്ള കാഡറ്റുകളുടെ മാർച്ച് പാസ്റ്റും മിലിട്ടറി പരേഡും കാണികളിൽ ആവേശമുണർത്തി. എട്ടാം ബാച്ച് ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞക്കും കോളജ് ഗാനത്തോടും കൂടി ചടങ്ങുകൾ സമാപിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പരേഡ് ഗ്രൗണ്ടിൽ ബിരുദധാരികളായ വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും പരമ്പരാഗത നൃത്തം വെച്ചും ഫോട്ടോ എടുത്തും ആഹ്ലാദ പ്രകടിപ്പിച്ചുമാണ് സന്തോഷം പങ്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

