അവധിക്കാലത്തിന് സലാം; ഇനി ജോലിത്തിരക്ക്
text_fieldsലുസൈൽ ബൊളെവാഡിലെ പെരുന്നാൾ ആഘോഷ പരിപാടിയിൽ നിന്ന്
ദോഹ: സ്വകാര്യ തൊഴിൽ മേഖലകൾക്കു പിന്നാലെ, ഞായറാഴ്ച മുതൽ ഖത്തറിലെ സർക്കാർ ഓഫിസുകൾ, മന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സജീവമാകുന്നു. നീണ്ട പെരുന്നാൾ അവധിയും രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേദിയായ പെരുന്നാൾ ആഘോഷങ്ങളും അവസാനിച്ചാണ് ഓഫിസുകൾ വീണ്ടും തുറക്കുന്നത്. ഏപ്രിൽ 21ന് പെരുന്നാൾ ആഘോഷിക്കുന്നതിനും രണ്ടു ദിവസം മുമ്പ് 18ന് തന്നെ ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. 27വരെ നീണ്ട പൊതുഅവധിയും, വാരാന്ത്യ അവധിയുമായി 12 ദിവസം നീണ്ട അവധിക്കാലവും കഴിഞ്ഞാണ് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ വീണ്ടും ജോലിക്കെത്തുന്നത്. അതേസമയം, വൈദ്യുതി, ഗതാഗതം ഉൾപ്പെടെ അവശ്യസേവന മേഖലകളിലുള്ളവർ ഓവർടൈം മാനദണ്ഡത്തിലാണ് ജോലിചെയ്തത്.
സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകൾ കഴിഞ്ഞ ബുധനാഴ്ച മുതൽ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും.
കുടുംബങ്ങൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ചും, ഖത്തറിൽനിന്നും വിദേശ രാജ്യങ്ങൾ സന്ദർശിച്ചുമാണ് നിരവധി പേർ നീണ്ട ഇടവേള ആഘോഷിച്ചത്. അതേസമയം, ഹയ്യ വിസ വഴിയും മറ്റുമായി കുടുംബത്തെ നേരത്തേ ഖത്തറിലെത്തിച്ചവർക്ക് ഇവിടെയും പെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുങ്ങി. ഖത്തർ ടൂറിസം, മ്യൂസിയംസ്, സാംസ്കാരിക മന്ത്രാലയം ഉൾപ്പെടെ വിവിധ പരിപാടികൾ പെരുന്നാൾ അവധിക്കാലത്ത് ഒരുക്കിയിരുന്നു. ലുസൈൽ ബൊളീവാഡ്, കോർണിഷ്, സൂഖ് വാഖിഫ്, മിഷൈരിബ് ഡൗൺടൗൺ, അൽ വക്റ, കതാറ തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ വൈകുന്നേരങ്ങളിൽ തിരക്കിനാൽ വീർപ്പുമുട്ടി.
കതാറ, സൂഖ്, കോർണിഷ് ഉൾപ്പെടെ ആഘോഷങ്ങൾ നേരത്തേ സമാപിച്ചുവെങ്കിലും ലുസൈൽ ബൊളെവാഡ്, മിഷൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെ പെരുന്നാൾ ഉത്സവത്തിന് വെള്ളിയാഴ്ച രാത്രിയാണ് കൊടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

