ടൂറിസത്തിന് നല്ലതുടക്കം: മൂന്ന് മാസം, 15 ലക്ഷം സന്ദർശകർ
text_fieldsഓൾഡ് ദോഹ പോർട്ടിൽ നിന്നുള്ള കാഴ്ച
ദോഹ: കഴിഞ്ഞ വർഷങ്ങളുടെ തുടർച്ചയായി വിനോദസഞ്ചാര മേഖലയിൽ കുതിപ്പ് തുടർന്ന് ഖത്തർ. ഈ വർഷം ജനുവരിമുതൽ ആദ്യമൂന്നു മാസങ്ങളിലായി 15 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെ രാജ്യം സ്വാഗതം ചെയ്തു.
പെരുന്നാൾമുതൽ വിവിധ ടൂറിസം അനുബന്ധ പരിപാടികളും ആഘോഷങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രാജ്യം സന്ദർശകരെ ആകർഷിച്ചത്.
ആകെ സന്ദർശകരിൽ ഏറ്റവും കൂടുതൽ ജി.സി.സി രാജ്യങ്ങളിൽനിന്നാണ് എത്തിയതെന്ന് ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 36 ശതമാനമാണ് ആറ് ജി.സി.സി രാജ്യങ്ങളിൽനിന്നായി എത്തിയത്. യൂറോപ്പിൽനിന്ന് 28 ശതമാനം സന്ദർശകരും ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽനിന്ന് 20 ശതമാനം പേരും ഖത്തറിലെത്തി.
വ്യോമമാർഗം 51 ശതമാനം സന്ദർശകരാണ് ആദ്യപാദത്തിലെത്തിയത്. കര അതിർത്തി വഴി 34 ശതമാനവും സമുദ്രമാർഗം 15 ശതമാനം പേരും രാജ്യത്തെത്തി. മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന അവധിക്കാല വരവ് ഈ വർഷത്തെ ഈദ് വേളയിലായിരുന്നു. എട്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെയെത്തിയത്. 2024നെ അപേക്ഷിച്ച് 26 ശതമാനമാണ് വർധനയുണ്ടായത്. സന്ദർശകരിൽ ഏറ്റവും കൂടുതൽ (49 ശതമാനം) പേരും ജി.സി.സി രാജ്യങ്ങളിൽനിന്നാണ്. ഹോട്ടൽ താമസനിരക്കിലും 10 ശതമാനം വർധന ഇക്കാലയളവിൽ രേഖപ്പെടുത്തി. ഹോസ്പിറ്റാലിറ്റി മേഖലയിലുടനീളമുള്ള ശക്തമായ പ്രകടനവും ഈ വളർച്ചക്കൊപ്പമുണ്ടായി. വെബ്സമ്മിറ്റ് ഖത്തർ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിപാടികളും സന്ദർശകരെ വലിയതോതിൽ ആകർഷിച്ചു.
2025 ആദ്യപാദത്തിലെ നേട്ടങ്ങൾ ടൂറിസം വികസനത്തിനായുള്ള ദീർഘകാല സമീപനത്തിന്റെ ഫലങ്ങളാണെന്നും ഇക്കാലയളവിൽ ഒന്നര ദശലക്ഷത്തിലധികം ആളുകളെ സ്വാഗതം ചെയ്യാൻ സാധിച്ചതിൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
ഈ വർഷം കൂടുതൽ അതിഥികളെ സ്വാഗതം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് 30,000ഓളം സന്ദർശകരാണെത്തിയത്. വിസിറ്റ് ഖത്തറിന്റെ റാസ് അബ്രൂഖ് പ്രോഗ്രാമിന്റെ ഭാഗമായി 60 ദിവസത്തിനുള്ളിൽ അരലക്ഷത്തിലധികം സന്ദർശകരെത്തിയപ്പോൾ സീലൈൻ വില്ലേജിൽ 48000ലധികം ആളുകളും പങ്കെടുത്തു. പെരുന്നാളിനോടനുബന്ധിച്ച് ലുസൈലിൽ നടന്ന സ്കൈ ഫെസ്റ്റും സന്ദർശകരെ സ്വാധീനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

