ഗോൾഫ് ക്ലബും ആഡംബര വില്ലയും; ട്രംപ് നിക്ഷേപം ഖത്തറിലും
text_fieldsസിമൈസിമയിൽ ആരംഭിക്കുന്ന ട്രംപ് പ്രോജക്ടിന്റെ മാതൃക എറിക് ട്രംപും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യയും സന്ദർശിക്കുന്നു
ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ് ഖത്തറില്‍ നിക്ഷേപം നടത്തുന്നു. ഖത്തറിന്റെ തീരമേഖലയായ സിമൈസിമയിലെ ഭാവി നഗരിയിലാണ് ട്രംപ് ഇന്റർനാഷനൽ ഗോൾഫ് ക്ലബും ഗോൾഫ് കോഴ്സും ട്രംപ് ബ്രാൻഡ് ആഡംബര വില്ലകളും ഉൾപ്പെടെ വമ്പൻ പദ്ധതി ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് ഖത്തരി ദിയാർ, ദാർ ഗ്ലോബലും കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ ദാർ ഗ്ലോബൽ ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ഇതിനകംതന്നെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ആദ്യമായി ഖത്തറിലേക്കും ട്രംപ് റിയൽ എസ്റ്റേറ്റിന്റെ വരവ്.
ദോഹയില്‍നിന്ന് 40 കിലോമീറ്റർ അകലെ സിമൈസിമ തീരത്ത് നടപ്പാക്കുന്ന ടൂറിസം പ്രോജക്ടിലാണ് ട്രംപ് ഗ്രൂപ് നിക്ഷേപം നടത്തുന്നത്. ഇവിടെ ലോകോത്തര നിലവാരമുള്ള ഗോള്‍ഫ് ക്ലബും ലക്ഷ്വറി വില്ലകളും കമ്പനി പണിയും. 7.90 ലക്ഷം ചതുരശ്ര മീറ്ററിലാണ് 18 ഹോള്‍ ഗോള്‍ഫ് കോഴ്സ്, ഗോള്‍ഫ് ക്ലബ് ഹൗസ്, അത്യാഡംബര വില്ലകള്‍ എന്നിവ നിര്‍മിക്കുക. ഏതാണ്ട് 300 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ദുബൈ, സൗദി, ഒമാൻ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലും ട്രംപ് റിയൽ എസ്റ്റേറ്റിന്റെ വിവിധ പ്രോജക്ടുകൾ നടപ്പാക്കുന്നുണ്ട്.
ലോകോത്തര നിലവാരമുള്ള ട്രംപ് ഗ്രൂപ് ഖത്തറില്‍ വരുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തരി ദിയാര്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ പറഞ്ഞു. ലോകോത്തര നിലവാരത്തിലെ നഗരവത്കരണ പദ്ധതിയെന്ന ലക്ഷ്യത്തിന്റെ ഭാഗംകൂടിയാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഡോണൾഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ ഏറ്റവും മികച്ച നിലവാരത്തിലെ ട്രംപ് ഇന്റർനാഷനൽ ഗോൾഫ് ക്ലബും ആഡംബര വില്ലയും ഉയർന്ന നിലവാരവും അഭിമാനകരമായ ജീവിതവും പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് എറിക് ട്രംപ് പറഞ്ഞു. 6.50 ലക്ഷം ചതുരശ്ര മീറ്ററിലെ ലാൻഡ് ഓഫ് മാജിക് തീം പാർക്ക് ഉൾപ്പെടെ ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലായി 80 ലക്ഷം ചതുരശ്ര മീറ്ററില്‍ നടപ്പാക്കുന്ന വമ്പൻ പദ്ധതിയാണ് സിമൈസിമ പ്രോജക്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

