ഗവേഷണ മികവിന് സ്വർണ്ണമെഡൽ നേട്ടം
text_fieldsശബ്ന സെയ്ദ് മുഹമ്മദ്
ഖത്തറിലെ റോഡുകളിലെ ഫുഡ് ഡെലിവറി റൈഡർമാരുടെ സുരക്ഷയെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് സ്വർണ്ണമെഡൽ നേട്ടവുമായി പ്രവാസി മലയാളി ശബ്ന സെയ്ദ് മുഹമ്മദ്. ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ചുവർഷം നീണ്ട ഗവേഷണത്തിനൊടുവിൽ സിവിൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ആലുവ സ്വദേശിനി ഡോ. ശബ്ന സെയ്ദ് മുഹമ്മദാണ് നേട്ടം കൈവരിച്ചത്. അക്കാദമിക മികവിന് ഖത്തർ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ്ണ മെഡലും അവർ ഏറ്റുവാങ്ങി.
ഡോ. ശബ്ന തന്റെ പഠനവിഷയത്തെക്കുറിച്ചും ഗവേഷണ അനുഭവങ്ങളെക്കുറിച്ചും ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു -സിവിൽ എൻജിനീയറിങ്ങിൽ ട്രാഫിക് സുരക്ഷാ മേഖലയിലായിരുന്നു ഗവേഷണം. കോവിഡ് കാലഘട്ടത്തിന് ശേഷം ഖത്തറിലെ റോഡുകളിൽ സജീവമായ 'ഒക്കുപേഷണൽ റൈഡേഴ്സ്' അഥവാ ഫുഡ് ഡെലിവറി റൈഡർമാരുടെ സുരക്ഷയെ കുറിച്ചാണ് പഠനം നടത്തിയത്.
ഖത്തറിലെ റോഡുകളിൽ മുൻപ് പരിചിതമല്ലാതിരുന്ന ഈ വിഭാഗത്തിന്റെ സാന്നിധ്യം മറ്റു ഡ്രൈവർമാർക്ക് പലപ്പോഴും പ്രയാസമുണ്ടാക്കുന്നുണ്ട്. കൂടാതെ, ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന അപകടങ്ങളുടെ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇവർക്കായി എന്ത് പരിഹാരം കണ്ടെത്താം എന്നതായിരുന്നു ഗവേഷണം. -ഡോ. ശബ്ന വിശദീകരിച്ചു. മുഹമ്മദ് യൂസഫ് അൽ ഖറദാവിയുടെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
പിഎച്ച്.ഡി. എന്നത് ദീർഘമായ യാത്രയായിരുന്നുവെന്നും ഡോ. ശബ്ന പങ്കുവെച്ചു. ഇത്തരമൊരു വലിയ അംഗീകാരം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടങ്ങിയത്. ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, മറ്റ് വെല്ലുവിളികൾ ഉൾപ്പെടെ വലിയ പരിശ്രമം അവശ്യമാണ്. പ്രതിസന്ധികളുണ്ടാകുമ്പോഴും ഈ ഒരു ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് നേട്ടത്തിൽ എത്തിച്ചേരാൻ സാധിച്ചതെന്നും അവർ പറഞ്ഞു.
എറണാകുളം ആലുവ സ്വദേശിനിയായ ശബ്‌ന, നാട്ടിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസവും എൻജിനീയറിങ് ബിരുദവും പൂർത്തിയാക്കിയത്. ഖത്തർ പൊതുമരാമത്ത് വിഭാഗമായ 'അഷ്ഗാലിൽ' ട്രാഫിക് എൻജിനീയറായി ജോലി ചെയ്തിരുന്ന ശബ്‌ന, ഗവേഷണത്തോടുള്ള താൽപര്യത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച് ഖത്തർ യൂണിവേഴ്സിറ്റിയൽ പിഎച്ച്.ഡിക്ക് ജോയിൻ ചെയ്യുകയായിരുന്നു.
ഗവേഷണ കാലയളവിൽ അക്കാദമിക് മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ശബ്നക്ക് സാധിച്ചു. വിവിധ അന്താരാഷ്ട്ര ജേണലുകളിലായി 6 ഗവേഷണ പ്രബന്ധങ്ങളും, 6 കോൺഫറൻസ് പേപ്പറുകളും പ്രസിദ്ധീകരിച്ചു. കൂടാതെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനായി ട്രാഫിക് സുരക്ഷാ വിഷയങ്ങളിൽ പുസ്തകവും ഇവർ രചിച്ചിട്ടുണ്ട്. ആലുവ കളപ്പുറക്കൽ സയിദ് മുഹമ്മദ് - കെ.എ. ബീവി ദമ്പതികളുടെ മകളാണ്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി സി.കെ. ഫൈസൽ ആണ് ഭർത്താവ്. ബാസിം ഫൈസൽ, ഫാരിസ് ഫൈസൽ, അമീന ഫൈസൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

