‘ഗോൾഡ് കപ്പ് പോരാട്ടം ലോകകപ്പ് യോഗ്യതക്കുള്ള തയാറെടുപ്പ്’
text_fieldsഖത്തർ കോച്ച് കാർലോസ് ക്വിറോസും സീനിയർ താരം അഹമ്മദ് ഫാതിയും
ദോഹ: 2026 ലോകകപ്പ് യോഗ്യത ഉറ്റുനോക്കുന്ന ഖത്തറിന് കോൺകകാഫ് ഗോൾഡ് കപ്പ് നിർണായകമെന്ന് അൽ അന്നാബി മധ്യനിര താരം അഹ്മദ് ഫാതി. ഗോൾഡ് കപ്പ് ടൂർണമെന്റ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ടീമിലെ യുവതാരങ്ങൾക്ക് അവരുടെ കരിയറിലെ മികച്ച നിമിഷങ്ങളാണെന്നും അഹ്മദ് ഫാതി പറഞ്ഞു. കോൺകകാഫ് ഗോൾഡ് കപ്പ് ക്വാർട്ടറിൽ പാനമയെ നേരിടാനിരിക്കെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം.
‘ലോകകപ്പ് യോഗ്യത കാമ്പയിൻ ഈ വർഷം നവംബറിൽ ആരംഭിക്കുകയാണ്. അതിനുശേഷം തൊട്ടുടനെ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പും നടക്കും. കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. ടീമിനെ സംബന്ധിച്ച് രണ്ടു വെല്ലുവിളികളാണ് ഇപ്പോൾ മുന്നിലുള്ളത്. ഈ വെല്ലുവിളികളെ മറികടക്കുകയെന്നത് ഞങ്ങളുടെ സ്വപ്നമാണ്. അതിനു മുന്നോടിയായുള്ള ഗോൾഡ് കപ്പ് കൂടുതൽ അനുഭവം നേടാൻ ടീമിനെ സഹായിക്കും’ - അദ്ദേഹം വിശദീകരിച്ചു.
2017 മുതൽ ഖത്തർ ദേശീയ ടീമിലെ സ്ഥിരംസാന്നിധ്യമായ അഹ്മദ് ഫാതി, ഗോൾഡ് കപ്പ് സംഘത്തിലെ ചുരുക്കം ചില വെറ്ററൻ താരങ്ങളിലൊരാൾ കൂടിയാണ്. മറ്റൊരു താരമായ അഹ്മദ് അലാഅൽദീൻ പരിക്കു കാരണം നേരത്തേതന്നെ പുറത്തായിട്ടുണ്ട്.
പ്രതീക്ഷക്കൊത്തുയരാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ടീമിനെ വിജയിപ്പിക്കാനും സഹായിക്കാനും കഠിനമായി പ്രവർത്തിക്കുന്നത് തുടരും -ഫാതി പറഞ്ഞു. ക്വാർട്ടർ ഫൈനലിലെത്തുകയെന്നതായിരുന്നു ഗോൾഡ് കപ്പിലെ ഞങ്ങളുടെ ആദ്യ കടമ്പ. അത് പൂർത്തിയായിരിക്കുകയാണ്.
നോക്കൗട്ട് റൗണ്ടിൽ വലിയ പ്രതീക്ഷകളുമായാണ് ടീം ഇറങ്ങുക. താരങ്ങളെല്ലാം പ്രത്യേകിച്ചും യുവതാരങ്ങൾ ഏറ്റവും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ്. സസ്പെൻഷനുകൾ േപ്ലയിങ് ഇലവനിൽ മാറ്റമുണ്ടാക്കും. എന്നിരുന്നാലും ഞങ്ങൾ ആത്മവിശ്വാസത്തിലാണ് -അദ്ദേഹം പറഞ്ഞു.
ഗോൾഡ് കപ്പ് ഗ്രൂപ് ബിയിലെ നിർണായക മത്സരത്തിൽ മെക്സികോയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഖത്തർ ടീം അവസാന എട്ടിൽ ഇടം നേടിയത്. ടൂർണമെന്റ് കിരീട ഫേവറിറ്റുകളായ മെക്സികോക്കെതിരായ വിജയം ടീമിന്റെയും താരങ്ങളുടെയും ആത്മവിശ്വാസം വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. മെക്സികോക്കെതിരായ വിജയത്തിൽ പരിശീലകൻ കാർലോസ് ക്വിറോസിന്റെ തന്ത്രങ്ങളാണ് നിർണായകമായത്.
മെക്സിക്കൻ ആരാധകർക്കേറ്റ ഏറ്റവും വലിയ ഷോക്കായിരുന്നു ഖത്തറിൽ നിന്നേറ്റ പരാജയം. ടീമിനെ വിമർശിച്ചും ഖത്തർ പരിശീലകനെയും ടീമിനെയും പ്രശംസിച്ചും മെക്സിക്കൻ ആരാധകരും രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

