ഗോഡിവ കുനാഫ ചോക്ലേറ്റുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു
text_fieldsദോഹ: സൗദി അറേബ്യയിൽ ഉൽപാദിപ്പിക്കുന്ന പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ ഗോഡിവയുടെ കുനാഫ ആൻഡ് പിസ്താഷിയോ മിൽക്ക് ചോക്ലേറ്റ് ബാർ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശം നൽകി. ചോക്ലേറ്റുകളുടെ പാക്കറ്റിൽ പോഷകവിവരപ്പട്ടികയിൽ ചേരുവകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമില്ലാത്തതിനെ തുടർന്നാണ് നടപടി.
ചോക്ലേറ്റിൽ മുട്ടയുടെ സാന്നിധ്യമുണ്ടെങ്കിലും അത് ലേബലിൽ രേഖപ്പെടുത്തിയിട്ടില്ല. മുട്ടയോട് അലർജിയുള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഉൽപന്നം വിപണിയിൽ നിന്ന് പിൻവലിച്ചതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലും നടപടികൾ ശക്തമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഖത്തറിലെ പ്രാദേശിക വിതരണക്കാർക്ക് വിവധ ബാച്ചിലുള്ള ചോക്ലേറ്റുകൾ വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം രാജ്യത്തെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന നടത്തി ഉൽപന്നം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
മുട്ടയോട് അലർജിയോ കടുത്ത സെൻസിറ്റിവിറ്റിയോ ഉള്ള ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും കഴിക്കരുതെന്നും ഉടൻ തന്നെ നശിപ്പിച്ചു കളയണമെന്നും ആരോഗ്യ മന്ത്രാലയം ഓർമപ്പെടുത്തി. അപകടസാധ്യതയുള്ള ബാച്ചുകളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

