ഖത്തറുമായി ടൂറിസം സഹകരണം ശക്തിപ്പെടുത്താൻ ഗോവ
text_fieldsഖത്തർ ട്രാവൽ മാർട്ടിലെ ഗോവ ടൂറിസം പവലിയൻ ഇന്ത്യൻ അംബാസഡർ വിപുല്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ആഗോള പ്രചാരണ നയങ്ങളുടെ ഭാഗമായി ഖത്തറുമായി ടൂറിസം സഹകരണം ശക്തിപ്പെടുത്താൻ ഗോവ. ഖത്തറുമായും മിഡിൽ ഈസ്റ്റുമായും ശക്തമായ ടൂറിസം സഹകരണത്തിനായി ഗോവ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി റോഹൻ എ. ഖൗന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഖത്തർ ട്രാവൽ മാർട്ടിന്റെ (ക്യു.ടി.എം) ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. വർഷം മുഴുവനും സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഗോവയുടെ പ്രാധാന്യം വർധിച്ചുവരുകയാണ്. പരമ്പരാഗത ധാരണകൾക്കപ്പുറം ടൂറിസം മേഖലയെ വൈവിധ്യവത്കരിക്കാനുള്ള ഗോവ സംസ്ഥാനത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ വളർച്ചയെ അദ്ദേഹം പ്രശംസിച്ചു. ഖത്തറിന്റെ ടൂറിസം, യാത്രാ മേഖലയുമായുള്ള ഗോവയുടെ പങ്കാളിത്തം ആഴത്തിലാക്കാൻ ഖത്തർ ട്രാവൽ മാർട്ടിലൂടെ അവസരം ലഭിച്ചെന്നും ഖത്തറും ഗോവയും തമ്മിൽ ശക്തമായ കണക്റ്റിവിറ്റി പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു. ഗോവയും ഖത്തറും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകളാൽ ബന്ധപ്പെട്ടിരിക്കുന്നു, ഇത് പരസ്പര ടൂറിസം വളർച്ചക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
ഹോട്ടലുകൾ, ട്രാവൽ ഓപറേറ്റർമാർ, ടൂറിസം സർവിസ് എന്നിവയെ പ്രതിനിധീകരിച്ച് എട്ട് വ്യവസായിക പങ്കാളികളാണ് ക്യു.ടി.എം-ലെ ഗോവയുടെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഗോവയുടെ പൈതൃകങ്ങൾ, ആഘോഷങ്ങൾ, സ്പോർട്സ് ടൂറിസം, ഹോംസ്റ്റേകൾ തുടങ്ങിയ പുതിയ സാധ്യതകൾ തുടങ്ങിയവ ഗോവ പവലിയൻ പ്രദർശിപ്പിച്ചു. രണ്ട് വർഷമായി '5 എസ് വിഷൻ' പദ്ധതിക്ക് കീഴിൽ ഗോവ ടൂറിസം വിപുലീകരിക്കുകയാണ്. സൺസെറ്റ്, സീ, സ്പോർട്സ്, സ്പിരിച്വാലിറ്റി, സോഫ്റ്റ്വെയർ എന്നിവയടങ്ങിയതാണ് '5 എസ് വിഷൻ' പദ്ധതി. മെച്ചപ്പെട്ട ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക കുടുംബങ്ങളെ ശാക്തീകരിക്കുകയും സാംസ്കാരിക കൈമാറ്റം സൃഷ്ടിക്കുകയും ചെയ്തു. പുതിയ ഹോംസ്റ്റേ നയവും ആകർഷിക്കുന്നതാണ്. ഹോംസ്റ്റേകളിലൂടെ സന്ദർശകർക്ക് ഞങ്ങളുടെ ഭക്ഷണ വൈവിധ്യം, ഉത്സവങ്ങൾ, ദൈനംദിന ജീവിതം, തുടങ്ങി ഗോവയെ അടുത്തറിയാൻ അവസരം നൽകുന്നു.
മൺസൂൺ കാലത്ത് ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള സന്ദർശകർക്കിടയിൽ നിന്ന് അപ്രതീക്ഷിതമായ വർധന ഉണ്ടാകുന്നുണ്ടെന്ന് റോഹൻ എ. ഖൗന്ത് പറഞ്ഞു. പരമ്പരാഗതമായി, ഗൾഫിൽനിന്നുള്ള സഞ്ചാരികൾ വേനൽക്കാലത്ത് തണുപ്പുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ഗോവയുടെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾ, ട്രക്കിങ്, മൺസൂൺ ഉത്സവ സീസണുകൾ എന്നിവ ശ്രദ്ധ ആകർഷിക്കുന്നവയാണ്. വൈവിധ്യമാർന്നതും സുസ്ഥിരവുമായ ആഗോള ലക്ഷ്യസ്ഥാനമായി തുടരുന്ന ഗോവയിലേക്ക് ഖത്തറിലെ താമസക്കാരെയും സഞ്ചാരികളെയും സ്വാഗതം ചെയ്താണ് മന്ത്രി തന്റെ സംസാരം അവസാനിപ്പിച്ചത്.
ഖത്തർ ട്രാവൽ മാർട്ടിലെ ഗോവ ടൂറിസം പവലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി റോഹൻ എ. ഖൗന്ത്, ടൂറിസം ഡയറക്ടർ കേദാർ നായിക്, ജി.ടി.ഡി.സി ജനറൽ മാനേജർ (മാർക്കറ്റിങ്) ഗാവിൻ ഡയസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

