ഖത്തർ-ബഹ്റൈൻ കോസ് വേ പദ്ധതിയുമായി മുന്നോട്ട്
text_fieldsമനാമയിൽ ചേർന്ന ഖത്തർ - ബഹ്റൈൻ ഫോളോഅപ്പ് കമ്മിറ്റി യോഗത്തിൽനിന്ന്
ദോഹ: ഖത്തറിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകാൻ ഖത്തർ-ബഹ്റൈൻ ഫോളോഅപ്പ് കമ്മിറ്റിയുടെ യോഗത്തിൽ ധാരണയായി. ഫ്രൻഡ്ഷിപ് ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും യാത്രയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2008ലാണ് പ്രഖ്യാപിക്കപ്പെടുന്നത്.
പാലത്തിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഖത്തറിന് വേണ്ടി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മനാമയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ സംഘം പങ്കെടുത്തു.
ഖത്തർ ബഹ്റൈൻ കോസ് വേയുടെ മാതൃക
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കോസ് വേ പദ്ധതിയുടെ പുനരുജ്ജീവനമായിരുന്നു ഫോളോഅപ് കമ്മിറ്റിയുടെ നാലാമത് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഖത്തർ വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം ഇരുരാജ്യങ്ങളുടെയും വളർച്ചയിലും പുരോഗതിയിലും വലിയ സ്വാധീനം ചെലുത്തുമെന്ന് ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.
300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി ബഹ്റൈനെ ഖത്തറിന്റെ വടക്കു പടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും.കഴിഞ്ഞ വർഷം നവംബറിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ബഹ്റൈൻ കിരീടാവകാശിയും തമ്മിൽ മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കോസ് വേ പദ്ധതി വീണ്ടും സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

