ഗ്ലോബൽ വിഷനറി അവാർഡ് കെ. അബ്ദുൽ കരീമിന്
text_fieldsകെ. അബ്ദുൽ കരീം
ദോഹ: ഗ്ലോബൽ ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ 'ഗ്ലോബൽ വിഷനറി അവാർഡ്' എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗവേണിങ് ബോഡി പ്രസിഡന്റ് കെ. അബ്ദുൽ കരീമിന്.
ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകഅംഗം, ഇന്ത്യയിലും ഖത്തറിലുമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വം എന്നീ സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.
അവാർഡ്, ശനിയാഴ്ച വൈകീട്ട് 5.30ന് ഇന്ത്യൻ കൾചറൽ സെന്റർ അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കുൽദീപ് സിങ് അറോറ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക അംഗങ്ങളിൽ പ്രമുഖനെന്ന നിലയിൽ സ്കൂളിന്റെ നിർമാണത്തിലും പ്രാരംഭ ഘട്ടം മുതൽ കഴിഞ്ഞ 50 വർഷത്തോളവും നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടൽ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായകമായി.
ഇക്കാലയളവിലെ പ്രവർത്തനങ്ങൾ അസാധാരണമാം വിധം മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജൂറി വിലയിരുത്തി.