ആഗോള സുരക്ഷ സമ്മേളനത്തിന് തുടക്കം
text_fieldsഗ്ലോബൽ സെക്യൂരിറ്റി ഫോറം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുതിയ കാലത്തെ ആഗോള സുരക്ഷാ വെല്ലുവിളികൾ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളുമായി ഖത്തർ വേദിയാവുന്ന ആഗോള സുരക്ഷ ഫോറത്തിന് തുടക്കമായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഫോറം ഉദ്ഘാടനം ചെയ്തു. ‘സംഘർഷം, പ്രതിസന്ധി, സഹകരണം: ആഗോള ക്രമം പുനഃക്രമീകരിക്കുന്നു’എന്ന തലക്കെട്ടിലാണ് അഞ്ചാമത് ലോക സുരക്ഷ ഫോറം ചേരുന്നത്.
വിവിധ രാജ്യങ്ങളുടെ മേധാവികൾ, സർക്കാർ പ്രതിനിധികൾ, അക്കാദമീഷ്യർ, സുരക്ഷ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, സൈനിക, നീതിന്യായ മേഖലകളിൽനിന്നുള്ളവർ പങ്കെടുക്കുന്ന ഫോറം പുതിയ കാലത്തെ വിവിധ സുരക്ഷ വെല്ലുവിളികളും അവയുടെ പ്രതിവിധികളും ചർച്ചചെയ്യും. യുദ്ധം, സംഘർഷങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും വിദഗ്ധരും സംവദിക്കുന്നുണ്ട്.
ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് യുദ്ധങ്ങളുടെയും പ്രതിസന്ധികളുടെയും ഫലമായി അടിസ്ഥാന വസ്തുക്കളിൽ പ്രാദേശികവും അന്തർദേശീയവുമായി സ്ഥാപിക്കപ്പെടുന്ന കുത്തക മനോഭാവമാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, നീതിയും സമത്വവും ഐക്യവും, ഇരട്ട നിലപാടുകളും മാറ്റിനിർത്തി അടിസ്ഥാന തത്ത്വങ്ങൾ പാലിച്ചാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.
സമൂഹങ്ങളുടെ അടിസ്ഥാന ആവശ്യമായ ഊർജം, വെള്ളം, മരുന്ന് എന്നിവ രാഷ്ട്രീയവത്കരിക്കുമ്പോൾ, ദുർബല രാജ്യങ്ങൾക്കും ജനങ്ങൾക്കും യുദ്ധക്കെടുതിപോലെതന്നെ ദുരന്തമാണ് നൽകുന്നത്.
ഈ ദുരന്തമാണ് മധ്യപൂർവ മേഖലകളിലെ പല രാജ്യങ്ങളും ഇന്നും അനുഭവിക്കുന്നത്. ഇതിന് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം ആവശ്യമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

