ഒട്ടകങ്ങളുടെ രോഗനിർണയ പരിശോധനകളുടെ കാര്യക്ഷമത; അഡാഫ്സക്ക് ആഗോള അംഗീകാരം
text_fieldsഅബൂദബി: ഒട്ടകങ്ങളിലെ രോഗം നിർണയിക്കുന്നതിനുള്ള പരിശോധന സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ)ക്ക് ആഗോള അംഗീകാരം. യുനൈറ്റഡ് കിങ്ഡം അക്രഡിറ്റേഷന് സര്‍വീസ് (യു.കെ.എ.എസ്) ആണ് ലോകോത്തര അംഗീകാരം സമ്മാനിച്ചത്. ഇതോടെ ഈ രംഗത്ത് ആഗോള അംഗീകാരം നേടുന്ന ആദ്യ അംഗീകൃത സ്ഥാനപമായി അഡാഫ്സ മാറി. ഒട്ടകങ്ങളുടെ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി പരിശോധനകളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ച പരിശോധന സേവനങ്ങള്‍ നല്കുന്നതില് അഡാഫ്സയുടെ കഴിവിനുള്ള ആഗോള അംഗീകാരമാണിത്. ഇതോടെ ഈ രംഗത്ത് അഡാഫ്സ നേടിയ ആഗോള അംഗീകാരങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. അതേസമയം, ലോക മൃഗാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള അഡാഫ്സയിലെ ജൈവ സുരക്ഷകാര്യ വിഭാഗം ഒട്ടകങ്ങളിൽ കാണുന്ന പ്രത്യേക രോഗമായ പെസ്റ്റെ ഡേസ് പെറ്റിറ്റ്സ് റുമിനന്റ്സി (പി.പി.ആര്)നെതിരായ ആന്റിബോഡി കണ്ടെത്തുന്നതില്‍ ലബോറട്ടറികളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള പ്രോഗ്രാമിനും തുടക്കമിട്ടു.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്. ആന്റിബോഡി കണ്ടെത്തലില്‍ ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് കിറ്റുകളുടെ മൂല്യനിര്‍ണയ പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിലും പി.പി.ആര് രോഗത്തെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. 2022ൽ ആണ് ഒട്ടകങ്ങളുടെ രോഗം കണ്ടെത്തുന്നതിനായുള്ള സഹകരണ സെന്ററിന് അഡാഫ്സ തുടക്കം കുറിക്കുന്നത്. ഒട്ടങ്ങളുടെ രോഗങ്ങളെ കുറിച്ചുള്ള പഠനത്തിനും നിർണയത്തിനുമുള്ള ശാസ്ത്രീയ സമിതിയായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ആധുനികമായ രോഗനിർണയം, ഗവേഷണം, പരിശീലന സേവനങ്ങൾ എന്നിവയാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.ആഗോള അംഗീകാരം മൃഗാരോഗ്യ രംഗത്തും ജൈവസുരക്ഷയിലും മുൻനിര കേന്ദ്രമായി മാറാനുള്ള അബൂദബിയുടെയും യു.എ.ഇയുടെയും ശ്രമങ്ങൾക്ക് കൂടുതൽ ശക്തിപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

