ആഗോള സമാധാന സൂചിക; മേഖലയിൽ ഖത്തർ മുന്നിൽ
text_fieldsദോഹ: രാജ്യത്ത് അരങ്ങേറിയ അസാധാരണ സംഭവവികാസങ്ങൾക്കിടയിലും സാമാധാനത്തിന്റെ മികവിൽ ഒരടിപോലും പിന്നോട്ടുപോകാതെ ഖത്തർ മുന്നേറ്റം തുടരുന്നു. ആഗോള സമാധാന സൂചികയിൽ (ജി.പി.ഐ) ഏഴാം തവണയും മെന മേഖലയിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഖത്തർ. 2025ലെ സൂചികയിൽ 163 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 27ാം സ്ഥാനം ഖത്തർ നേടി.സ്ഥിരതയാർന്ന ഭരണവും ശക്തമായ സുരക്ഷാചട്ടക്കൂടുമാണ് ഖത്തറിനെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ വീണ്ടും ഒന്നാമത് എത്തിച്ചത്. 19 വർഷത്തെ ജി.പി.ഐയുടെ ചരിത്രത്തിൽ ഏഴാം തവണയും ഒന്നാമത് എത്തുക എന്നത് ഖത്തറിന്റെ സമാധാന സ്ഥിരത കൂടിയാണ് വെളിവാക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) 163 രാജ്യങ്ങളിൽ നടത്തിയ വലയിരുത്തലിലൂടെയാണ് ആഗോള സമാധാന സൂചിക തയാറാക്കിയത്. പട്ടികയിൽ ആഗോള തലത്തിൽ 27ാം സ്ഥാനവും മേഖലയിൽ ഒന്നാം സ്ഥാനവുമാണ് ഖത്തർ നേടിയത്.ആഗോള തലത്തിൽ 31ാം സ്ഥാനത്തുള്ള കുവൈത്താണ് സാമാധാന സൂചികയിൽ ഖത്തറിന് പിന്നാലെയുള്ളത്. ഒമാൻ 42ാം സ്ഥാനവും യു.എ.ഇ 52ാം സ്ഥാനവും ജോർഡൻ 72ാം സ്ഥാനവും നേടി.മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി ഖത്തർ സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. 2008 മുതൽ ഈ പദവി നിലനിർത്താൻ ഖത്തറിന് സാധിച്ചു.
സാമൂഹിക സുരക്ഷ, നിലവിലുള്ള ആഭ്യന്തര, അന്തർദേശീയ സംഘർഷം, സൈനികവത്കരണം എന്നീ മൂന്ന് പ്രാഥമിക മേഖലകളെ അടിസ്ഥാനമാക്കിയാണ് സമാധാന സൂചിക തയാറാക്കുന്നത്. ഇതിനായി ഐ.ഇ.പി വിലയിരുത്തിയ 163 രാജ്യങ്ങളിലാണ് ലോക ജനസംഖ്യയുടെ 99.7 ശതമാനവും ഉൾപ്പെടുന്നത്.മേഖലയിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോഴും സമാധാന സൂചികയിൽ ആഗോളതലത്തിൽ മികച്ച 30 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഇപ്പോഴും തുടരുന്നു എന്നത് രാജ്യത്തിന്റെ സ്ഥിരതയെ അടിവരയിടുന്നതാണ്.
ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ ഐസ്ലൻഡാണ് ഒന്നാം സ്ഥാനത്ത്. അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ആഗോള തലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. പട്ടികയിൽ 115ാം സ്ഥാനത്താണ് ഇന്ത്യ. ആഗോളതലത്തിൽ, സമാധാനത്തിൽ 0.36 ശതമാനം ഇടിവ് രേഖപ്പെടുത്തി, യുക്രെയ്നിലെയും ഗസ്സയിലെയും സംഘർഷങ്ങളും 108 രാജ്യങ്ങളിലെ സൈനികവത്കരണവുമാണ് ഇതിന് കാരണം. നിലവിൽ വിവിധ രാജ്യങ്ങൾക്കിടയിലായി 59 സജീവ സംഘർഷങ്ങളുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

