ആഗോള ഭക്ഷ്യസുരക്ഷ: അറബ് മേഖലയിൽ ഖത്തർ ഒന്നാമത്
text_fieldsദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികൾക്ക് രാജ്യന്തര തലത്തിൽ അംഗീകാരം. 2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. ബ്രിട്ടൻ ആസ്ഥാനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച് യൂനിറ്റ് (ജി.എഫ്.എസ്.ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് അറബ് രാജ്യങ്ങൾക്കിടയിൽ ഖത്തർ മുൻനിരയിലെത്തിയത്.
ആഗോളതലത്തിൽ 24ാം സ്ഥാനത്തുമാണ് രാജ്യം. 2020ല്‍ 113 രാജ്യങ്ങള്‍ക്കിടയില്‍ 37ാം സ്ഥാനത്തായിരുന്നെങ്കിൽ, ഒരുവർഷം കൊണ്ട് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 24ലെത്തിയത്. വാർത്തസമ്മേളനത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജറല്ല അല്‍ മർറി വിശദീകരിച്ചു.
ഭക്ഷ്യ-കാര്‍ഷിക നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി നവീകരണം, തുറമുഖങ്ങള്‍, സംഭരണം എന്നിവയില്‍ ഖത്തര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായും ആരോഗ്യകരമായ ഭക്ഷണവും പോഷകാഹാരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷാ ഗവേഷണ മേഖലക്ക് പ്രത്യേക ഫണ്ട് തന്നെ വകയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ബൃഹൃദ്പദ്ധതികളാണ് രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിനായി ഖത്തര്‍ നാഷനല്‍ റിസര്‍ച് ഫണ്ട് വഴി കാര്‍ഷിക ഗവേഷണത്തിനുള്ള പൊതുചെലവുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
വിതരണ ശൃംഖലയിലെ ഭക്ഷ്യനഷ്ടവും മാലിന്യവും കുറക്കുക, ഉല്പാദനശേഷി മെച്ചപ്പെടുത്തുക, നിര്‍ണായക വേനല്‍ മാസങ്ങളെ നേരിടാന്‍ വര്‍ഷം മുഴുവനും ഉല്പാദനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയിലും മന്ത്രാലയം കാര്യമായ ശ്രദ്ധചെലുത്തുന്നുണ്ട്.