ശാസ്ത്രവിസ്മയങ്ങളുമായി വിദ്യാർഥിപ്രതിഭകൾ
text_fieldsഗ്ലോബൽ സയൻസ് എക്സ്പോ 2022 ശാസ്ത്രപ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കൊപ്പം

ദോഹ: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും പഠനവിഷയങ്ങളിൽ പ്രചോദനം നൽകാനുമുള്ള ലക്ഷ്യത്തോടെ ഗ്ലോബൽ എജുക്കേഷൻ സെന്റർ (ജി.ഇ.സി) ഗ്ലോബൽ സയൻസ് എക്സ്പോ 2022 ശാസ്ത്രപ്രദർശനം നടത്തി. ഓൺലൈൻ പ്രദർശനത്തിലൂടെയും വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരവും തിരഞ്ഞെടുക്കപ്പെട്ട 18 വ്യത്യസ്ത പ്രോജക്ടുകൾ ജി.ഇ.സി അൽ വക്ര സെന്ററിൽ പ്രദർശിപ്പിച്ചു. പഠിക്കുന്ന ക്ലാസുകൾക്കനുസരിച്ച് മത്സരാർഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. മോഡലുകളെ റോബോട്ടിക്സ് ആൻഡ് ടെക്നോളജി, കെമിസ്ട്രി, ബയോളജി, എൻവയൺമെന്റ്, ഫിസിക്സ് എന്നീ അഞ്ചു വിഭാഗങ്ങളായാണ് തരംതിരിച്ചത്. പ്രഗത്ഭരായ പ്രഫഷനലുകൾ ഉൾപ്പെട്ട ജഡ്ജിങ് പാനലാണ് പ്രോജക്ടുകൾ വിലയിരുത്തിയത്.
ഖത്തർ യൂനിവേഴ്സിറ്റി ബയോളജിക്കൽ ആൻഡ് എൻവയൺമെന്റൽ സയൻസസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫ.എം.ഡി മിസാനുർ റഹ്മാൻ, അബർഡീൻ സർവകലാശാലയിലെ എ.എഫ്.ജി കോളജിലെ സീനിയർ ലെക്ചറർമാരായ ഡോ. സ്റ്റീഫൻ ഫെറ്റ്സ്, ഡോ. മിർസ സർവർ ബേഗ്, ജി.ഇ.സി മാനേജിങ് ഡയറക്ടർ അഷ്റഫ് അച്ചോത്ത്, ഡയറക്ടർ പ്രീതി ശ്രീവാസ്തവ എന്നിവരായിരുന്നു പാനൽ അംഗങ്ങൾ. മോഡൽ ഡിസൈനിങ് മുതൽ അതിന്റെ പ്രായോഗികത വരെയുള്ള മുഴുവൻ പ്രക്രിയകളെക്കുറിച്ചും ജഡ്ജിങ് പാനൽ ആഴത്തിൽ ചോദിച്ചറിഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ അബ്ബാസ് പൗണിക്കർ വികസിപ്പിച്ച അന്ധർക്കുള്ള സ്മാർട്ട് ഷൂസ് സന്ദർശകർക്ക് വിസ്മയമായി. മുന്നിലെ തടസ്സങ്ങൾ സെൻസർ സഹായത്തോടെ തിരിച്ചറിയുന്ന തരത്തിലായിരുന്നു നിർമാണം. 'റോബോട്ടിക്സ് ആൻഡ് ടെക്നോളജി' വിഭാഗത്തിലായിരുന്നു സ്മാർട്ട് ഷൂ തയാറാക്കിയത്. ഈ വിഭാഗത്തിലെ മറ്റൊരു മോഡൽ 'റോബോട്ട്' ആയിരുന്നു.
നിർദേശങ്ങൾക്കനുസൃതമായി വസ്തുക്കളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ഉപകരണം ഏവരെയും ആകർഷിച്ചു. ആസിഡും ബേസുകളും കണ്ടെത്താനുള്ള വിദ്യകൾ, സാനിറ്റൈസർ ഉപയോഗിച്ച് തീ കൈയിലെടുക്കൽ, ജല വൈദ്യുതിവിശ്ലേഷണം എന്നിവ ഉൾപ്പെടുന്ന കെമിസ്ട്രി പ്രോജക്ടുകളും പ്രദർശിപ്പിച്ചു. കൂടാതെ ശ്വസനസംവിധാനം, മനുഷ്യ ശ്വാസകോശം, ചെവി ശരീരഘടന എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ബയോളജി മോഡലുകൾ. ഉപഗ്രഹ പദ്ധതികൾ, വൈദ്യുതികാന്തിക ക്രെയിൻ, എയർ കൂളർ, വാക്വം ക്ലീനർ, സോളാർ ക്ലോക്ക് എന്നിവ ഉൾപ്പെടുന്ന ഭൗതികശാസ്ത്ര മോഡലുകൾ കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തി. പരിസ്ഥിതിശാസ്ത്ര വിഭാഗത്തിൽ ജലമലിനീകരണം, കാർബൺ കാപ്ചർ, ഇക്കോ കൂളർ മോഡലുകൾ എന്നിവ സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു.
നൂറുകണക്കിന് സന്ദർശകരെ എക്സ്പോ ആകർഷിച്ചു. വിദ്യാർഥികൾക്കുള്ള ഷെൽ ഓർഗനല്ലുകളിൽനിന്ന് 'മാജിക്കൽ പെയിന്റിങ്', മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങൾ സൃഷ്ടിക്കൽ, കുട്ടികൾക്കുള്ള ഫൺ എഗ്സ് എന്നിങ്ങനെയുള്ള അത്യധികം രസകരമായ പ്രവർത്തനങ്ങൾ കൊണ്ടും എക്സ്പോ ആകർഷകമായി. ഫാക്കൽറ്റി അംഗങ്ങളായ സാരംഗ് ദേശ്പാണ്ഡെ, ഷഹനാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. വിജയികൾക്കായുള്ള അനുമോദനച്ചടങ്ങ് മാർച്ച് 11ന് നടക്കും. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും കാഷ് പ്രൈസും സ്കോളർഷിപ്പുകളും നൽകും.