"ലവ് ലൈഫ്, നോ ഡ്രഗ്സ്': ഖത്തറിൽ ലഹരിവിരുദ്ധ ആഗോള പ്രചാരണത്തിന് തുടക്കം
text_fields"ലവ് ലൈഫ്, നോ ഡ്രഗ്സ്'; ഐ.സി.എഫ് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു
ദോഹ/ തിരുവനന്തപുരം: കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കെതിരെ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ -ദ നാർക്കോ ഹണ്ട്' ദൗത്യത്തിന് പിന്തുണയുമായി ഐ.സി.എഫ്. ഇന്റർനാഷണൽ കൗൺസിൽ. തൂഫാൻ വാരിയർ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ നിർദേശ പ്രകാരമാണ് ഐ.സി.എഫ് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമാകുന്നത്. 'ലവ് ലൈഫ്, നോ ഡ്രഗ്സ് -ജീവിതം തന്നെയാണ് ലഹരി' എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
ലഹരിക്കെതിരായ സർക്കാറിന്റെ പോരാട്ടത്തിൽ വിവധ സംഘടനകൾ അണിചേരുന്നത് പ്രശംസനീയമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജാഗ്രതയും ശക്തമാക്കാൻ ഐ.സി.എഫ് മുന്നോട്ടുവന്നത് കാമ്പയിന് വലിയ ഊർജം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പാക്കുന്നത്. സർക്കാറിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി നേരിട്ട് കൈകോർത്താണ് പ്രചാരണം നടക്കുക. അന്താരാഷ്ട്ര തലത്തിൽ സെമിനാറുകൾ, വെബിനാറുകൾ, ഫാമിലി മീറ്റുകൾ, യൂത്ത് ക്യാമ്പുകൾ, വാക്കത്തോൺ, ഹ്യൂമൻ ചെയിൻ, സിഗ്നേച്ചർ കാമ്പയിൻ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങൾ, പേരന്റിങ് എഡ്യുക്കേഷൻ, കൗൺസിലിങ്, പുനരധിവാസ സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് ഇന്റർനാഷണൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുൽ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

