ഭീമൻ കണ്ടെയ്നർ കപ്പലിനെ വരവേറ്റ് ഹമദ് തുറമുഖം
text_fieldsകപ്പലിന്റെ ക്യാപ്റ്റനെ തുറമുഖത്ത് ഉപഹാരം നൽകി സ്വീകരിക്കുന്നു
ദോഹ: 400 മീറ്റർ നീളം, 61 മീറ്റർ വീതി, 16 മീറ്റർ ഡ്രാഫ്റ്റ്... ചരക്കുകളുമായി ഒരുപാട് കപ്പലുകളെത്തുന്ന ഹമദ് തുറമുഖത്തെയും ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നങ്കൂരമിട്ട ഈ കൂറ്റൻ കണ്ടെയ്നർ കപ്പൽ. തുറമുഖം പ്രവർത്തനമാരംഭിച്ചശേഷം, ഇവിടെയെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായി എം.വി ബർലിൻ എക്സ്പ്രസ്. ജർമൻ ഷിപ്പിങ് കമ്പനിയായ ഹപാഗ് ലോയ്ഡിനു കീഴിലുള്ളതായിരുന്നു കടലിനോളം വലുപ്പമുള്ള ഈ കൂറ്റൻ കപ്പൽ.
എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്നതുകൂടിയാണ് ഈ ചരക്കുകപ്പൽ. വലുപ്പംകൊണ്ട് ഞെട്ടിച്ച കപ്പൽ വഹിക്കുന്ന ചരക്കുകളുടെ ഭാരം കേട്ടാലും ഞെട്ടും. 23,664 ടി.ഇ.യു. കണ്ടെയ്നർ ചരക്കുകപ്പലിന്റെ കാർഗോ ശേഷിയെ സൂചിപ്പിക്കുന്നതാണ് ടി.ഇ.യു. ഒരു ടി.ഇ.യു എന്നാൽ 20 അടി നീളമുള്ള കണ്ടെയ്നർ എന്നു ചുരുക്കം.
ഹമദ് തുറമുഖത്തെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പലായ എം.വി ബർലിൻ എക്സ്പ്രസ്
2016 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ച ഹമദ് തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായിരുന്നു ഇത്. 2017 സെപ്റ്റംബർ അഞ്ചിനായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മേൽനോട്ടത്തിൽ തുറമുഖം ഉദ്ഘാടനം നിർവഹിച്ചത്.
മിഡിലീസ്റ്റിൽതന്നെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്ന് എന്ന റെക്കോഡും ഹമദ് തുറമുഖത്തിനുണ്ട്. നിറയെ ചരക്കുകളുമായെത്തിയ കപ്പലിന്റെ ദൃശ്യങ്ങൾ ഖത്തർ ടെർമിനൽസും എംവാനി ഖത്തറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

