ഗസലും ഖവാലിയുമായി സംഗീതരാവൊരുക്കാൻ യുംന അജിൻ
text_fieldsഈണം ദോഹയുടെ ഗസൽ, ഖവാലി, സൂഫി മ്യൂസിക്കൽ ഫ്യൂഷൻ സംഗീത പരിപാടി സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ഗായിക യുംന അജിൻ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ സംഗീത പ്രേമികളിലേക്ക് ഖവാലി സൂഫി സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കാൻ അനുഗൃഹീത ഗായിക യുംന അജിൻ എത്തുന്നു. കോവിഡാനന്തരം സാധാരണ നിലയിലേക്ക് തിരികെയെത്തുന്ന ഖത്തറിന്റെ മണ്ണിൽ സംഗീത കൂട്ടായ്മയായ ഈണം ദോഹയാണ് കേരളത്തിൽനിന്നും രാജ്യാന്തര പ്രശസ്തിയിലേക്ക് ഉദിച്ചുയരുന്ന ഗായിക യുംന അജിന്റെ ഗസൽ, സൂഫി, ഖവാലിയുമായി പാട്ടിന്റെ മേളം തീർക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ അശോക ഹാളിലാണ് പരിപാടി. പാസ് മൂലം മാത്രമായിരിക്കും പ്രവേശനമെന്ന് സംഘാടകർ അറിയിച്ചു. ഗസലും സൂഫിയും സമന്വയിപ്പിച്ചുള്ള സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഗസലിനും സൂഫിക്കും ഒപ്പം ഖവാലി ഗാനങ്ങളും ഒരുമിപ്പിച്ചുള്ള ഫ്യൂഷന്‍ ഇതാദ്യമായാണ് നടത്തുന്നതെന്ന് യുംനാ അജിന് ദോഹയില്‍ കാലിക്കറ്റ് നോട്ട്ബുക് റസ്റ്റാറൻസിൽ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഖത്തറിലെ സംഗീത പ്രേമികളെ ഗസല്‍-സൂഫി-ഖവാലി സംഗീതത്തിന്റെ വിസ്മയങ്ങളിലേക്ക് നയിക്കാന്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള യുംനാ അജിന് എന്ന ഗായികയുടെ സ്വരമാധുരിക്ക് കഴിയും. യുംനയുടെ ശബ്ദത്തിന് മാധുര്യം കൂട്ടാന്‍ അസ്ലം തിരൂര്‍ ഹാര്‍മോണിയത്തിനും അഷ്കര്‍ തബലയിലും ഈണം നല്‍കും. പിതാവ് അജിൻ ബാബുവും യുംനക്കൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. ഒമ്പതു വർഷം മുമ്പും ഈണം ദോഹയുടെ സംഗീത വേദികളിലൂടെ യുംന ഖത്തറിലെ ആസ്വാദകരിലെത്തിയിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി സംഗീത പരിപാടികളിലൂടെ ദോഹയുടെ വേദികളെ വിസ്മയിപ്പിച്ച ഈണം ദോഹ സംഗീതപരിപാടികള്‍ സംഘടിപ്പിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധേയമാണ്.
വാര്‍ത്തസമ്മേളനത്തില്‍ ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി, ജനറല്‍ സെക്രട്ടറി മുസ്തഫ.എം.വി, പി.ആര്.ഒ ഫൈസല്‍ മൂസ, ശരത് സി. നായര്‍, സ്പോണ്‍സര്‍മാരായ അസ്കര്‍, ബിജു മോന് അക്ബര്‍, 98.6 എഫ്.എം. റേഡിയോ മാര്‍ക്കറ്റിങ് മേധാവി നൗഫല്‍, ആഷിഖ് മാഹി, സലിം ബി.ടി.കെ, പി.എ തലായ്, അസീസ് പുറായിൽ എന്നിവർ പങ്കെടുത്തു. അൽ ഏബിൾ ഗ്രൂപ്, സഹറ ഹെൽത് ബ്യൂട്ടി സെന്റർ എന്നിവരാണ് പരിപാടിയുടെ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

