‘ഫലസ്തീനിൽ വംശഹത്യ, ഇസ്രായേൽ ഭരണകൂട ഭീകരത'
text_fieldsഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ഇസ്രായേൽ ഖത്തറിൽ നടത്തിയ ഭരണകൂട ഭീകരതയെക്കുറിച്ചും ഫലസ്തീനിൽ തുടരുന്ന വംശഹത്യയെക്കുറിച്ചും ഖത്തർ അമീർ തന്റെ പ്രസംഗത്തിൽ കർശനമായി വിമർശിച്ചതായി കാബിനറ്റ് പ്രതിവാര യോഗം അഭിപ്രായപ്പെട്ടു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ അധ്യക്ഷതയിലാണ് കാബിനറ്റ് പ്രതിവാര യോഗം അമീരി ദിവാനിൽ ചേർന്നത്.
അമീർ തന്റെ പ്രസംഗത്തിൽ, ഇസ്രായേലിനെക്കുറിച്ച് പൊതുവായ പ്രസ്താവനകൾ ഒഴിവാക്കി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര നിലപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പ്രസംഗത്തിൽ വസ്തുതകളും യാഥാർഥ്യങ്ങളും വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു.അന്താരാഷ്ട്ര നിയമങ്ങളും തത്ത്വങ്ങളും മുറുകെ പിടിച്ച് അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. അന്താരാഷ്ട്ര സമൂഹം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും ഒപ്പം നിൽക്കാനുള്ള പ്രതിബദ്ധതയും പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കാൻ ഖത്തർ നടത്തുന്ന ഇടപെടലുകളും സംഭാവനകളും അമീർ പ്രസംഗത്തിൽ ഉന്നയിച്ചു. ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന ഖത്തറിന്റെ ഉറച്ച നിലപാടും അദ്ദേഹം ആവർത്തിക്കുകയുണ്ടായി.
ദോഹയെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക, കായിക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന ആഗോള തലസ്ഥാനമായി നിലനിർത്താനും ലോക നേതാക്കളെ ഒന്നിച്ച് കൊണ്ടുവന്ന് പ്രശ്നപരിഹാരം സാധ്യമാക്കുന്ന കേന്ദ്രമായി നിലനിർത്താനുമുള്ള സന്നദ്ധതയും അമീർ പ്രസംഗത്തിൽ പ്രകടിപ്പിച്ചു. നീതിന്യായ കാബിനറ്റ്കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി ബിൻ ഈസാ ആൽ ഹസ്സൻ അൽ മുഹന്നദിയാണ് മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

